Director M.B. Padmakumar: ‘ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്; എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്’; വികാരഭരിതനായി എം.ബി. പദ്മകുമാർ
M.B. Padmakumar Siby Malayil Controversy: സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ എന്ന ചിത്രത്തിന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ബി.പദ്മകുമാർ,സിബി മലയിൽ
സംവിധായകൻ സിബി മലയിലിനെ വിമർശിച്ച് സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പദ്മകുമാർ. പദ്മകുമാറിന്റെ സിനിമയെക്കുറിച്ച് സിബി മലയിൽ നടത്തിയ പ്രസ്ഥാവനയാണ് വിമർശനത്തിന് വഴിവച്ചത്. ജെഎസ്കെ ഇപ്പോൾ നേരിടുന്ന സമാനപ്രശ്നം പദ്മകുമാറിന്റെ സിനിമയും നേരിട്ടിരുന്നുവെന്നും അതൊരു ചെറിയ സിനിമയും, ഫെസ്റ്റിവലിനു അയക്കാൻ നിർമിച്ച സിനിമയായതിനാൽ സംവിധായകൻ തന്നെ ആ പ്രശ്നം പരിഹരിച്ചെന്നുമാണ് സിബി മലയിൽ പറഞ്ഞത്. സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്കെ എന്ന ചിത്രത്തിന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബി മലയിലിന്റെ വാക്കുകൾ പങ്കുവച്ച് കൊണ്ടാണ് പദ്മകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ തന്റെ സിനിമ അവാർഡ് സിനിമയാണെന്ന് ആരാണ് താങ്കളോട് പറഞ്ഞത് എന്നാണ് സിബി മലയിലിനോട് പദ്മകുമാർ ചോദിക്കുന്നത്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ അല്ലെങ്കിൽ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കിൽ അതൊക്കെ ചെറിയ സിനിമയാണോ എന്നും പദ്മകുമാർ ചോദിക്കുന്നു. തന്നെപ്പോലുള്ള സാധാരണക്കാരെയാണ് താങ്കൾ ഉപദ്രവിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
Also Read:‘ചുരുളി’ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
താൻ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. സിനിമ കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് അതെന്നും സൂപ്പർ താരങ്ങൾ ഇല്ലാത്തതുകൊണ്ട് തിയേറ്റിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടല്ലാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ വേണ്ടി ഒരാളെ കണ്ട് വച്ചിരിക്കുകയായിരുന്നുവെന്നും എന്നാൽ സിബി മലയിലിന്റെ വാക്കുകൾ കേട്ട് അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് പദ്മകുമാർ പറയുന്നത്.
തന്റെ കഞ്ഞിയിലാണ് നിങ്ങൾ പാറ്റ ഇട്ടതെന്നും തന്റെ ചിത്രം മോശമാണെന്ന് പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അന്ന് താൻ ഈ പണി നിർത്തുമെന്നും സിബി മലയിലിനെ അദ്ദേഹം വെല്ലുവിളിച്ചു. അത്രമാത്രം സങ്കടത്തോടെയാണ് താൻ ഇത് പറയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.