Kalamkaval Teaser: പൈശാചിക ചിരിയും ചുണ്ടിൽ എരിയാത്ത സിഗരറ്റും; മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുമായി കളങ്കാവൽ ടീസർ പുറത്ത്
Kalamkaval Mammootty Teaser Out: കളങ്കാവൽ സിനിമയുടെ ടീസർ പുറത്ത്. മമ്മൂട്ടിയും വിനായകനും ഒന്നിച്ച് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവൽ എന്ന സിനിമയുടെ ടീസർ പുറത്ത്. മമ്മൂട്ടിക്കമ്പനി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിൽ തന്നെയാണെന്നാണ് ടീസർ നൽകുന്ന സൂചന.
മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്കുള്ള ബിൽഡപ്പും ഒടുവിൽ കഥാപാത്രത്തിൻ്റെ വെളിപ്പെടലുമാണ് ടീസറിലുള്ളത്. അസീസ് നെടുമങ്ങാടും വിനായകനുമൊക്കെ ടീസറിൽ വന്നുപോകുന്നുണ്ട്. ഒരു പെട്ടിക്കടയുടെ മുൻപിൽ കൂളിംഗ് ഗ്ലാസും ചുണ്ടിൽ എരിയാത്ത സിഗരറ്റും വച്ചുകൊണ്ട് പൈശാചിക ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് ടീസറിൻ്റെ അവസാനം കാണിക്കുന്നത്. മുന്നറിയിപ്പ് എന്ന സിനിമയിലെ അവസാന ചിരിയിൽ നിന്ന് മാറി മറ്റ് ചില ഷേഡുകൾ കൂടി ഈ ചിരിയിലുണ്ട്.
ടീസർ കാണാം
അസുഖത്തിൽ നിന്ന് മുക്തനായി മമ്മൂട്ടി തിരികെവന്നതിന് ശേഷം അദ്ദേഹത്തിൻ്റേതായി വരുന്ന ആദ്യ അപ്ഡേറ്റാണിത്. നവാഗതനായ ജിതിൻ കെ ജോസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി, വിനായകൻ, മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും സിനിമയിലുണ്ട്. ഫൈസൽ അലി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രവീൺ പ്രഭാകറാണ് എഡിറ്റ്. മുജീബ് മജീദ് സംഗീതസംവിധാനം നിർവഹിക്കുന്നു. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളങ്കാവൽ. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറെ വൈകാതെ തന്നെ സിനിമ പുറത്തിറങ്ങിയേക്കും.
മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത് സയനൈഡ് മോഹനെന്ന കൊടും കുറ്റവാളിയെ ആണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി വില്ലൻ കഥാപാത്രമാണെന്ന് ഉറപ്പിച്ചുപറയാൻ സംവിധായനും തയ്യാറായില്ല. ലൈംഗികബന്ധത്തിന് ശേഷം സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പടുത്തുന്നതായിരുന്നു സയനൈഡ് മോഹൻ്റെ രീതി. 20 പേരെയാണ് ഇങ്ങനെ ഇയാൾ കൊന്നത്. കളങ്കാവലിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.