Jana Nayagan: ‘അനാവശ്യമായി തടഞ്ഞുവെക്കുന്നത് നിരാശാജനകം, ഇവരെന്താണ് വിജയ്‌യെ മാത്രം ലക്ഷ്യംവെയ്ക്കുന്നത്?’ മൻസൂർ അലി ഖാൻ
Mansoor Ali Khan slams CBFC over ‘Jana Nayagan’ Delay: വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും 'ദ കശ്മീർ ഫയൽസ്', 'ദി കേരള സ്റ്റോറി' തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ നൽകിയിരുന്നുവെന്നും വിജയ്‌യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു.

Jana Nayakan
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം സിനിമയ്ക്ക് യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രദർശനാനുമതി നൽകാത്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ.
വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും ‘ദ കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ നൽകിയിരുന്നുവെന്നും വിജയ്‌യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു. നടൻ അഭിനയിക്കുന്ന കറുപ്പ് പൾസർ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനനായകന്’ നേരെ ഉണ്ടാകുന്ന ഈ വിവേചനം നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ആ നടന്മാർക്കൊക്കെ മനസ്സിലായല്ലോ… ഹരീഷിന് മാത്രം എന്താ? ബാദുഷ
ചിത്രത്തിന്റെ റിലീസ് വൈകുന്നത് സിനിമാ വ്യവസായത്തെയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും നടൻ പറഞ്ഞു. ഇത്രയും വലിയ മുതൽമുടക്കുള്ള ഒരു ചിത്രം അനാവശ്യമായി തടഞ്ഞുവെക്കുന്നത് നിരാശാജനകമാണ്. സെൻസർ ബോർഡിന്റെ പ്രവർത്തനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്നും അത് കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലില്ലാത്ത ഒരു സ്വതന്ത്ര സമിതിയായി മാറണമെന്നും മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടു. പൊങ്കലിന് പുറത്തിറങ്ങേണ്ട ചിത്രം ഇനി എപ്പോഴാണ് റിലീസ് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.