Mohanlal: ആ നടന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് പണികൊടുക്കും, അയാളെ ഞാനും മോഹന്‍ലാലും മുള്‍മുനയില്‍ നിര്‍ത്തി: മുകേഷ്
Mukesh About Actor Innocent: പഴയ ഓര്‍മകള്‍ അയവിറക്കുകയാണ് മുകേഷ്. നടന്‍ ഇന്നസെന്റിനെ കുറിച്ചാണ് മുകേഷ് സംസാരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ ഇന്നസെന്റിന് വലിയ മിടുക്കാണെന്ന് താരം പറയുന്നു.

മുകേഷ്, മോഹന്‍ലാല്‍
ഏത് ജനറേഷനും ഒരുപോലെ വാഴ്ത്തി പാടുന്ന കോമ്പോയാണ് മോഹന്‍ലാല്‍ മുകേഷ് എന്നിവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും ഇന്നും അവയ്ക്ക് ആരാധകരേറെയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ റീലുകളാക്കി പ്രത്യക്ഷപ്പെടുന്നതും സാധാരണം.
ഇപ്പോഴിതാ പഴയ ഓര്‍മകള്‍ അയവിറക്കുകയാണ് മുകേഷ്. നടന്‍ ഇന്നസെന്റിനെ കുറിച്ചാണ് മുകേഷ് സംസാരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ ഇന്നസെന്റിന് വലിയ മിടുക്കാണെന്ന് താരം പറയുന്നു.
”മറ്റുള്ളവര്‍ക്ക് എപ്പോഴും പണി കൊടുക്കുന്നതില്‍ വിരുതനായിരുന്നു ഇന്നസെന്റ്. ആ അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ എനിക്കും മോഹന്‍ലാലിനും സാധിച്ചു. കാക്കക്കുയില്‍ എന്ന സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട എന്ന ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.
ഒരു ദിവസം സന്ധ്യയ്ക്ക് ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ലോബിയില്‍ നില്‍ക്കുകയാണ് ഞങ്ങള്‍. ആ സമയത്ത് തെലുഗുദേശം പാര്‍ട്ടിയിലെ പ്രവര്‍ത്തകയായ മുതിര്‍ന്ന സ്ത്രീ വന്ന് പരിചയപ്പെട്ടു. അവര്‍ മലയാളിയാണ്. അവരുടെ കൂടെയുള്ള മലയാളിയല്ലാത്ത മറ്റൊരു സ്ത്രീയെയും പരിചയപ്പെടുത്തി. ഇന്നസെന്റ് ചേട്ടന്‍ ഹിന്ദിയിലാണ് അവരോട് സംസാരിച്ചത്.
ഇന്നസെന്റ് ഹിന്ദിയില്‍ സംസാരിച്ച് ഷൈന്‍ ചെയ്തതിനെ കുറിച്ച് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. അങ്ങനെ ഒരു പണികൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ തെലുഗുദേശം പാര്‍ട്ടിക്ക് ഒരു തുക സംഭാവന നല്‍കാമെന്ന് ഇന്നസെന്റേട്ടന്‍ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ് ആ സ്ത്രീകള്‍ വിളിച്ചതായി അദ്ദേഹത്തോട് പറഞ്ഞു.
ഇതുകേട്ടതും അദ്ദേഹം വല്ലാതെ പതറിപ്പോയി. അദ്ദേഹം നല്ല സമ്മര്‍ദത്തിലായി. ഇതോടെ നാട്ടില്‍ പോകണമെന്നും വീട്ടുകാരെ കാണണമെന്നും പറഞ്ഞു. ഒടുവില്‍ പ്രിയന്‍ ഞങ്ങളെ നിര്‍ബന്ധിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍ ആണ് ആ നുണബോംബ് പൊട്ടിച്ചത്,” മുകേഷ് പറയുന്നു.