Mohanlal: ‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടത്’; പ്രതികരിച്ച് മോഹന്‍ലാല്‍
Mohanlal Expresses Heartfelt Gratitude: സെപ്റ്റംബർ 23-ാം തീയതി ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര അവാർഡ് വിതരണവേളയിൽ മോഹൻലാലിന് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഈ യാത്രയിൽ തന്നോടോപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ പുരസ്‌കാരമെന്നാണ് മോഹൻലാൽ പറയുന്നത് .പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ വളരെയധികം വിനയമുണ്ട്. ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്’- മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.
Also Read:മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23-ാം തീയതി ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര അവാർഡ് വിതരണവേളയിൽ മോഹൻലാലിന് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സിനിമയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്. പത്ത് ലക്ഷം രൂപയും സ്വർണപ്പതക്കവും അടങ്ങുന്നതാണ് അവാർഡ്.
ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസകൾ നേർന്ന് നിരവധി പേർ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മമ്മൂട്ടി, പൃഥ്വിരാജ്, സുരേഷ് ഗോപി , മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖരും താരത്തിന് ആശംസകൾ നേർന്ന് എത്തി.