Mohanlal: വീണ്ടും സംവിധായകനാകുമോ? ലാലേട്ടന്റെ മറുപടി ഇങ്ങനെ….
Mohanlal Dada Saheb Phalke Award: സിനിമ ഒരു മാജിക് ആണ്. അതിനകത്ത് ഇത്രയും വർഷം നില്‍ക്കുക എന്നത് വലിയ സർക്കസാണെന്ന് മോഹൻലാൽ.

Mohanlal
ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താരമാണ് മോഹൻലാൽ. മലയാളത്തിന്റെ അഭിമാനമായ ലാലേട്ടനെ തേടി മറ്റൊരു പുരസ്കാരം കൂടി എത്തിയിരിക്കുകയാണ്, ദാദാ സാഹേബ് ഫാൽക്കേ അവാർഡ്. 21 വർഷങ്ങൾക്ക് ശേഷമാണ് താരത്തിലൂടെ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മലയാള സിനിമയിലേക്ക് എത്തിയിരിക്കുന്നത്.
48 വർഷത്തെ തന്റെ സിനിമാ ജീവിതത്തിലെ വലിയ അവാർഡാണ് ഇതെന്നും ജൂറിയോടും ഇന്ത്യൻ സർക്കാരിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ, ബറോസിന് ശേഷം വീണ്ടും സംവിധായകനാകുമോ എന്ന ചോദ്യത്തിനും മറുപടി നൽകുകയാണ് താരം.
‘ഇപ്പോള്‍ ചോദിച്ചാല്‍ ഒന്നും പറയാനില്ല. അത് വ്യത്യസ്തമായൊരു ചിന്തയായിരുന്നു. ആരും ചെയ്യാത്തൊരു കാര്യം. അത്തരത്തില്‍ എന്തെങ്കിലും ആവശ്യമില്ലാത്ത ചിന്ത വന്നാൽ ഞാൻ ചെയ്യാം എന്ന് കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മോഹൻലാൽ പ്രതികരിച്ചു.
ALSO READ: ‘ആദ്യം വിശ്വസിക്കാനായില്ല, ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കുവയ്ക്കുന്നു’; പുരസ്കാര തിളക്കത്തിൽ മോഹൻലാൽ
സിനിമയ്ക്ക് ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ പാൻ ഇന്ത്യൻ ആയി. സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ’ എന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു മാജിക് ആണ്. രണ്ട് സിനിമകള്‍ വിജയിച്ചാല്‍ ഉയരങ്ങളിലേക്ക് പോകും. ഒരു സിനിമ മോശമായാല്‍ വീണ്ടും താഴേക്ക് വരും. അതിനകത്ത് ഇത്രയും വർഷം നില്‍ക്കുക എന്നത് വലിയ സർക്കസാണെന്നും താരം പറഞ്ഞു. കൂടാതെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 3 നാളെ മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.