Mohanlal: താടി എടുത്തില്ല, പക്ഷേ ട്രിം ചെയ്തു; ‘ഹൃദയപൂർവ്വ’ത്തിൽ മോഹൻലാലിൻ്റെ പുതിയ ലുക്ക്?
Mohanlal's New Trimmed Beard Look: മോഹൻലാലിൻ്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. താടി ട്രിം ചെയ്ത ലുക്കാണ് വൈറലാവുന്നത്. സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവം എന്ന പുതിയ ചിത്രത്തിൽ താരം ഈ ലുക്കിലെത്തുമെന്നാണ് സൂചനകൾ.

ഏറെക്കാലമായി മോഹൻലാലിനെ താടിയില്ലാതെ കണ്ടിട്ടില്ല. സിനികളിലും പൊതുവേദികളിലുമൊക്കെ അദ്ദേഹത്തിന് താടിയുണ്ടായിരുന്നു. ഒടിയൻ എന്ന സിനിമയ്ക്കായി മുഖത്തിൽ വരുത്തിയ ചില മാറ്റങ്ങൾ തിരിച്ചടിച്ചതാണ് കാരണം എന്നായിരുന്നു റിപ്പോർട്ടുകൾ. അതിന് ശേഷം ഇതുവരെ മോഹൻലാൽ താടിവച്ചാണ് എവിടെയുമെത്തിയത്. എന്നാൽ, അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഈ ലുക്കിലെ മാറ്റമാണ്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മകൻ്റെ വിവാഹസത്കാരത്തിനും സർക്കാരിൻ്റെ ഒരു പൊതുപരിപാടിയിലും താരമെത്തിയത് പുതിയ ലുക്കിലാണ്. താടി എടുത്തില്ലെങ്കിലും ട്രിം ചെയ്ത് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാടൊരുക്കുന്ന മോഹൻലാൽ ചിത്രമായ ‘ഹൃദയപൂർവ’ത്തിൽ താരം ഈ ലുക്കിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
സത്യൻ അന്തിക്കാടിൻ്റെ മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർ ചിത്രത്തിൻ്റെ ഭാഗമാണ്. കഥ അഖിൽ സത്യൻ എഴുതുമ്പോൾ അനൂപ് സത്യൻ അസോസിയേറ്റ് ആണ്. നവാഗതനായ സോനു ടിപിയുടെ തിരക്കഥയിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമയുടെ സംവിധാനം. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചനകൾ. യുവതാരവും എഡിറ്ററുമായ സംഗീത് പ്രതാപ് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പഴയകാല നടി സംഗീതയും ഐശ്വര്യ ലക്ഷ്മിയും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തും. അനു മൂത്തേടത്താണ് ക്യാമറ. ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് അഖിൽ സത്യൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൂനെയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക എന്നാണ് വിവരം.




1984ൽ അപ്പുണ്ണി എന്ന സിനിമയിലൂടെയാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്നത്. ആകെ 18ഓളം സിനിമകളിലാണ് ഇരുവരും ഒരുമിച്ചത്. സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ട് എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ്. മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ പലതിലും സത്യൻ അന്തിക്കാടിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ടിപി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്പ്, രസതന്ത്രം തുടങ്ങി നിരവധി സിനിമകളിൽ സഖ്യം ഒരുമിച്ചു.