Actor Jayan Death: ‘ആദ്യം ഇടിച്ചത് കാൽമുട്ട്, പിന്നെ തല’; ജയൻ മരിച്ചതെങ്ങനെയെന്ന് ഹെലികോപ്റ്റർ അപകടം നേരിട്ടുകണ്ട നിർമ്മാതാവ് പറയുന്നു
How Did Actor Jayan Die: അനശ്വര നടൻ ജയൻ മരിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ കല്ലിയൂർ ശശി. ജയനും ബാലൻ കെ നായരും പൈലറ്റിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നതാണ് അപകടകാരണമെന്ന് കല്ലിയൂർ ശശി പറഞ്ഞു.

നടൻ ജയൻ മരിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ കല്ലിയൂർ ശശി. പൈലറ്റിൻ്റെ വാക്ക് ധിക്കരിച്ച് ജയൻ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് സാഹസം കാട്ടിയെന്നും ബാലൻ കെ നായർ സീറ്റ് ബെൽറ്റ് അഴിച്ചപ്പോൾ ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. അമൃത ടിവിയിലെ ഓർമ്മയിൽ എന്നും ജയൻ എന്ന പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. 1981ൽ പിഎൻ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയൻ മരണപ്പെടുന്നത്.
“ആ സീൻ മൂന്ന് തവണ ഷൂട്ട് ചെയ്തതാണ്. ഹെലികോപ്റ്റർ 10 മീറ്ററിന് മേലെ നിൽക്കും. 10 മിനിട്ടേ നിൽക്കൂ. കൈവിട്ടാലും താഴെ കാർഡ്ബോർഡും ബെഡും മറ്റും ഇട്ടിട്ടുണ്ട്. 10 മീറ്ററല്ലേയുള്ളൂ. അത് കുറേയൊക്കെ എടുത്തു. എന്നിട്ട് ഹെലികോപ്റ്റർ പറന്നുപറന്നുപോയി തിരികെവരികയാണ്. അത് ആദ്യത്തെ ഷോട്ടായിരുന്നു. ആറ് മണിക്ക് തന്നെ ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങാൻ വൈകി.”- കല്ലിയൂർ ശശി പറഞ്ഞു.
“അന്ന് പ്രൊഡക്ഷൻ കണ്ട്രോളറാണ് ഞാൻ. രാവിലെ നാല് മണിക്ക് എഴുന്നേറ്റപ്പോൾ ശക്തമായ മഴയാണ്. അങ്ങനെ അത് തീർന്ന് ഷൂട്ടിങ് തുടങ്ങാൻ ഏറെ വൈകി. വില്ലനായ ബാലൻ കെ നായർ പെട്ടിയുമായി ഹെലികോപ്റ്ററിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഹെലികോപ്റ്റർ പൊങ്ങുന്ന സമയത്താണ് സുകുമാരനും ജയനും ബൈക്കിലെത്തുന്നത്. ബൈക്ക് ഇതിൻ്റെ കൂടെ ചേസ് ചെയ്തുപോകുന്നു. ജയൻ എഴുന്നേറ്റ് നിന്ന് ഹെലികോപ്റ്ററിൽ പിടിക്കുന്ന ഷോട്ടാണ്. ആ ഷോട്ട് എടുത്തു. സമ്പത്ത് എന്ന് പറയുന്ന ആളായിരുന്നു അതിൻ്റെ പൈലറ്റ്. താൻ പറയുന്നത് കൃത്യമായി അനുസരിക്കണമെന്ന് ഇയാൾ എല്ലാവരോടും പറയുന്നുണ്ട്. തൂങ്ങിപ്പിടിച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യരുത്. തൂങ്ങിത്തന്നെ കിടക്കണം. ബാക്കി സീനുകൾക്കായി 10 മീറ്റർ ഉയരത്തിൽ നിർത്താം എന്ന് അദ്ദേഹം പറഞ്ഞു.”- കല്ലിയൂർ ശശി തുടർന്നു.




“ജയൻ പിടിച്ചുകഴിഞ്ഞ് ഹെലികോപ്റ്റർ പൊങ്ങി. ആദ്യം ഒന്ന് ചെരിഞ്ഞിട്ടാണ് ഹെലികോപ്റ്റർ പിന്നെ നേരെ ആവുന്നത്. ഈ പോക്കിൽ ജയൻ ഹെലികോപ്റ്ററിൽ കയറി വില്ലൻ റോൾ ചെയ്ത ബാലൻ കെ നായരെ പിടിച്ചിറക്കാനുള്ള ശ്രമം നടത്തി. സീറ്റ് ബെൽറ്റ് ഇട്ടിരുന്ന ബാലൻ കെ നായരോട് ഒരു കാരണവശാലും അതഴിക്കരുതെന്നായിരുന്നു നിർദ്ദേശം. പക്ഷേ, ബാലൻ കെ നായർ ബെൽറ്റഴിച്ചു. ഒരു സ്ഥലത്ത് ഭാരം കൂടിയാൽ ഹെലികോപ്റ്റർ ചരിയും. ബെൽറ്റ് അഴിച്ചിട്ട് ബാലൻ കെ നായർ ജയനെ ചവിട്ടാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്റർ ഒന്ന് കുലുങ്ങി. എന്നിട്ട് നേരെ വരികയാണ്. ഞാൻ ‘കൈവിട്, കൈവിട്’ എന്ന് വിളിച്ചുപറഞ്ഞു. എയർ സ്ട്രിപ്പിന് പുറത്ത് ഒരാൾപ്പൊക്കത്തിൽ പുല്ലാണ്. അതിലേക്ക് വീണിരുന്നെങ്കിൽ ചിലപ്പോൾ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ. പക്ഷേ, ഹെലികോപ്റ്റർ തറയിലിടിച്ചു. തൂങ്ങിയിരുന്ന ജയൻ്റെ മുട്ടാണ് ആദ്യം ഇടിച്ചത്. അപ്പോൾ കൈവിട്ടു. ഉടനെ തലയും നിലത്തിടിച്ചു.”- അദ്ദേഹം വിശദീകരിച്ചു.