Oru Vadakkan Veeragadha: ‘ആ വാള് മമ്മൂട്ടിയുടെ തുടയിൽ കുത്തിക്കയറി, ഇപ്പോഴും പാടുണ്ട്’; ഒരു വടക്കൻ വീരഗാഥയിൽ നടന്നത്
Mammootty - Oru Vadakkan Veeragadha: ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിങ് അനുഭവം പങ്കുവച്ച് മമ്മൂട്ടി. ഒരു സീനിൽ തൻ്റെ തുടയിൽ വാൾ കുത്തിക്കയറിയെന്നും ഇപ്പോഴും അതിൻ്റെ പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഈ മാസം ഏഴിന് തീയറ്ററുകളിൽ വീണ്ടുമെത്തുകയാണ്.

36 വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലെത്തുകയാണ്. എംടി വാസുദേവൻ നായർ, ഹരിഹരൻ, മമ്മൂട്ടി ത്രയം ഒരുമിച്ച സിനിമ 1989ലാണ് റിലീസായത്. മൂന്നര പതിറ്റാണ്ടിന് ശേഷം 4കെ റീമാസ്റ്റർ ആയി കൺവേർട്ട് ചെയ്തിട്ടാണ് ഈ മാസം ഏഴിന് വീണ്ടും തീയറ്ററുകളിലെത്തുക. റീ റിലീസിന് മുന്നോടിയായി മമ്മൂട്ടി രമേഷ് പിഷാരടിയ്ക്ക് ഒരു ഇൻ്റർവ്യൂ നൽകിയിരുന്നു. മമ്മൂട്ടിക്കമ്പനി, രമേഷ് പിഷാരടി എൻ്റർടെയിന്മെൻ്റ്സ് എന്നീ യൂട്യൂബ് ചാനലുകളിലൂടെയാണ് അഭിമുഖം പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ചില സംഭവങ്ങളും ഓർമ്മകളുമൊക്കെ മമ്മൂട്ടി ഈ അഭിമുഖത്തിലൂടെ പങ്കുവച്ചു.
കളരിപ്പയറ്റ് സീനുകൾ ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു ഒരു വടക്കൻ വീരഗാഥ. ചന്തു ചേകവരായി അഭിനയിച്ച മമ്മൂട്ടിയ്ക്ക് വാൾപ്പയറ്റ് സീനുകൾ ഏറെയുണ്ടായിരുന്നു. ഇതിനിടെ ഒരു സീനിൽ വാൾ തൻ്റെ തുടയിൽ കുത്തിക്കയറിയെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ ഉപയോഗിച്ച വാളുകളൊക്കെ മെറ്റൽ ആയിരുന്നല്ലോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “അതെ, മെറ്റലാണ്. നല്ല ഭാരമുണ്ടായിരുന്നു. ചാടി വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചുപോകുന്ന വാള് ചാടിപ്പിടിയ്ക്കുന്ന ഒരു രംഗമുണ്ട്. എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാള് പിടികിട്ടില്ല. ഒരുപ്രാവശ്യം വാള് തുടയിൽ കുത്തിക്കയറി. നല്ലവണ്ണം മുറിഞ്ഞു. വേദനയെടുത്തു. ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ, ആ പാട് ഇപ്പോഴുമുണ്ട്.”- മമ്മൂട്ടി പറഞ്ഞു. ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നുണ്ട്, ചന്തുവായി അഭിനയിക്കണമെന്ന് പറഞ്ഞാണ് സിനിമയിലേക്ക് വിളിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അപ്പോൾ താൻ വില്ലനായി അഭിനയിക്കണോ എന്ന് ചോദിച്ചു. എംടിയാണ് തിരക്കഥ എന്ന് പറഞ്ഞപ്പോൾ പിന്നെയൊന്നും നോക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




വടക്കൻ പാട്ടിലെ ചതിയനായ ചന്തുവിനെപ്പറ്റിയുള്ള വ്യത്യസ്തമായ വായനയാണ് ഒരു വടക്കൻ വീരഗാഥ. ചന്തു എങ്ങനെയാണ് ചതിയനെന്ന ലേബലിലേക്കായെന്നതാണ് സിനിമ പറയുന്നത്. ഹരിഹരൻ്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ തുടങ്ങി ഒരു നീണ്ട നിര തന്നെ അഭിനയിച്ചിരുന്നു. കെ രാമചന്ദ്ര ബാബു ക്യാമറ കൈകാര്യം ചെയ്ത സിനിമയുടെ എഡിറ്റ് എംഎസ് മണി ആയിരുന്നു. ബോംബെ രവി ആയിരുന്നു സംഗീതം. മികച്ച നടൻ, തിരക്കഥ, കലാസംവിധാനം, കോസ്റ്റ്യൂം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരങ്ങൾ നേടിയ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമയ്ക്ക് ലഭിച്ചിരുന്നു.