Kerala Story Award: സംഘപരിവാർ അജണ്ട നടപ്പാക്കുന്നു’; കേരളാ സ്റ്റോറിയുടെ ദേശീയ അവാർഡ് വിഷയത്തിൽ മുഖ്യമന്ത്രി
ഈ സിനിമയ്ക്ക് ദേശീയ അംഗീകാരം നൽകാനുള്ള തീരുമാനം, കടുത്ത എതിർപ്പുകൾക്കിടയിലും സർക്കാർ അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Pinarayi Vijayan On The Kerala Story Award Issue
തിരുവനന്തപുരം: വിവാദ സിനിമയായ ദി കേരള സ്റ്റോറിക്കു ദേശീയ പുരസ്കാരം നൽകാനുള്ള തീരുമാനം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ഒരു സിനിമയ്ക്ക് ദേശീയ അവാർഡ് നൽകുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.
ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ വിഭാഗീയത വളർത്താനെ സഹായിക്കൂ. അവാർഡ് നൽകിയതിലൂടെ കേരളത്തിനേ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്തിന്റെ സമാധാനം തകർക്കാൻ ഉള്ള സംഘപരിവാർ ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞവർഷം തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ തന്നെ ദി കേരള സ്റ്റോറി എന്ന സിനിമ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമയിൽ കേരളത്തിലെ സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കി ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ചിത്രീകരിച്ചിരുന്നു. ഈ വിഷയത്തെ ചൊല്ലി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാലും ഈ സിനിമയ്ക്ക് ദേശീയ അംഗീകാരം നൽകാനുള്ള തീരുമാനം, കടുത്ത എതിർപ്പുകൾക്കിടയിലും സർക്കാർ അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിന്നും ഈ വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.