Thudarum Movie: ട്രെയിനിലിരുന്ന് ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് കണ്ടു; തൃശ്ശൂരിൽ ഒരാൾ പിടിയിൽ
Pirated Version of Thudarum: ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ട ഒരാൾ അറസ്റ്റിൽ. ട്രെയിനിൽ ഇരുന്ന് സിനിമ കണ്ടയാളാണ് തൃശൂരിൽ നിന്ന് പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്.

Thudarum Movie
ചിത്രം പുറത്തിറങ്ങി പത്ത് ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ ജനസാഗരം തീർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം തുടരും. ഇപ്പോഴിതാ തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ട ഒരാൾ അറസ്റ്റിൽ. ട്രെയിനിൽ ഇരുന്ന് സിനിമ കണ്ടയാളാണ് തൃശൂരിൽ നിന്ന് പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്.
തൃശൂർ പൂരം കാണാനായി ബെംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി കാണുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. അറസ്റ്റിലായ ഇയാളെ തൃശ്ശൂർ റെയിൽവേ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
അതേസമയം ഇതിനു മുൻപും ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു. ലപ്പുറത്ത് നിന്ന് വാഗമണ്ണിലേക്കുപോയ ടൂറിസ്റ്റ് ബസ്സിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. ബസിൽ പ്രദർശിപ്പിച്ചത് തെളിവുസഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടൻ ബിനു പപ്പുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് എം.രഞ്ജിത്ത് സൈബർ സെൽ ഹെഡ്ക്വാർടേഴ്സിൽ പരാതി നൽകി.
സംഭവത്തിൽ പ്രതികരണവുമായി ചിത്രത്തിന്‍റെ കോ ഡയറക്ടറും നടനുമായ ബിനു പപ്പു രംഗത്തെത്തി. ഇതിൽ ശക്തമായ നടപടി എടുക്കണമെന്നും ഇത് തുടരും എന്ന ഒരു സിനിമക്ക് വേണ്ടി മാത്രമാവരുതെന്നും ബിനു പപ്പു പറഞ്ഞു. വ്യാജ പതിപ്പ് പുറത്തിറങ്ങുന്ന ചലച്ചിത്ര വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു