Rapper Vedan: വേടന് വേദിയൊരുക്കി സർക്കാർ; ഇടുക്കിയിൽ ഇന്ന് പരിപാടി
Rapper Vedan: കഴിഞ്ഞ ഏപ്രിൽ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സർക്കാരിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. എന്നാൽ കഞ്ചാവുമായി വേടൻ അറസ്റ്റിലായതിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

റാപ്പർ വേടൻ
പുലിപ്പല്ല് കേസിലും കഞ്ചാവ് കേസിലും ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ റാപ്പർ വേടന് വേദി നൽകി സർക്കാർ. ഇടുക്കിയിൽ ഇന്ന് നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ വേടൻ പരിപാടി അവതരിപ്പിക്കും. ഇന്ന് വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ.
വിവാദങ്ങളെ തുടർന്ന് ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സർക്കാരിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. എന്നാൽ കഞ്ചാവുമായി വേടൻ അറസ്റ്റിലായതിനെ തുടർന്ന് പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
വിവാദങ്ങളിൽ വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കൾ കൈക്കൊണ്ടത്. വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണെന്നും വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ 24-ാം തിയതിയാണ് കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നത്. തുടർന്ന് ജാമ്യം ലഭിച്ചെങ്കിലും മാലയിലെ പുലിപ്പല്ല് കെണിയായി. പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് വേടനെ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്.
ഏപ്രില്‍ 30നാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരാധകര്‍ നല്‍കിയ സമ്മാനം സ്വീകരിക്കുക മാത്രമാണുണ്ടായതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.