Sai Pallavi – Sandeep Reddy Vanga: ‘സ്ലീവ്‌ലസ് പോലും ധരിക്കില്ല; അതുകൊണ്ടാണ് അർജുൻ റെഡ്ഡിയിൽ സായ് പല്ലവിയെ പരിഗണിക്കാതിരുന്നത്’: വെളിപ്പെടുത്തി സന്ദീപ് വാങ്ക റെഡ്ഡി
Sandeep Reddy Vanga - Sai Pallavi: തൻ്റെ ആദ്യ സിനിമയായ അർജുൻ റെഡ്ഡിയിൽ സായ് പല്ലവിയെ പരിഗണിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി. സ്ലീവ്‌ലസ് പോലും ധരിക്കില്ലെന്നറിഞ്ഞതുകൊണ്ടാണ് താരത്തെ പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെന്നിന്ത്യൻ താരം സായ് പല്ലവിയെ തൻ്റെ സിനിമകളിൽ പരിഗണിക്കണമെന്നാഗ്രഹമുണ്ടായിരുന്നതായി അനിമൽ സിനിമ സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി. എന്നാൽ, സായ് പല്ലവി സ്ലീവ്‌ലസ് പോലും ധരിക്കില്ലെന്നറിഞ്ഞതുകൊണ്ട് പരിഗണിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. നാഗചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന തണ്ടെൽ എന്ന ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻ്റിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാങ്ക റെഡ്ഡി.
“സായ് പല്ലവി, പ്രേമം മുതൽ നിങ്ങളുടെ അഭിനയം എനിക്കിഷ്ടമാണ്. അർജുൻ റെഡ്ഡിയിൽ നായികയായി ആരെ വെക്കണമെന്ന ചർച്ച നടക്കുകയായിരുന്നു. അപ്പോൾ കേരളത്തിൽ നിന്നുള്ള ഒരു കോർഡിനേറ്ററെ ഞാൻ വിളിച്ചു. അന്ന് അദ്ദേഹം കോർഡിനേറ്ററാണെന്നാണ് കരുതിയത്. പിന്നീട് അല്ലെന്ന് മനസിലായി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇങ്ങനെ ഒരു കഥയുണ്ട്. റൊമാൻ്റിക് കഥയാണ്. സിനിമയിൽ സായ് പല്ലവിയെ നായികയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന്. അപ്പോൾ അദ്ദേഹം ചോദിച്ചു, എന്താണ് അർജുൻ റെഡ്ഡിയിലെ റൊമാൻസ് എന്ന്. സാധാരണ തെലുങ്ക് സിനിമകളിൽ കാണുന്നതിനെക്കാൾ അധികമാണത് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം മറുപടി നൽകിയത്, അത് മറന്നേക്കൂ എന്നാണ്. അവർ സ്ലീവ്‌ലസ് പോലും ഇടില്ല. സാധാരണ നായികമാരിൽ മാറ്റങ്ങൾ വരാറുണ്ട്. ലഭിക്കുന്ന അവസരങ്ങൾക്കനുസരിച്ച് നായികമാർ മാറുന്നത് പതിവാണ്. എന്നാൽ, സായ് പല്ലവി അങ്ങനെ മാറിയിട്ടില്ല. അത് വളരെ നല്ലതാണ്. 10 വർഷമായി അവർ ഇങ്ങനെ തന്നെയാണ്.”- സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു.




വിഡിയോ കാണാം:
“I wanted to cast #SaiPallavi in #ArjunReddy, but after hearing my story, the coordinator said she wouldn’t even wear sleeveless, so she definitely wouldn’t act in my film.”
– Director @imvangasandeep at the #Thandel pre-release event. pic.twitter.com/tKH8ByO9up
— Telugu Chitraalu (@TeluguChitraalu) February 2, 2025
സന്ദീപ് വാങ്ക റെഡ്ഡിയുടെ ആദ്യ സിനിമയായിരുന്നു അർജുൻ റെഡ്ഡി. 2017ൽ വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളായാണ് അർജുൻ റെഡ്ഡി ഒരുങ്ങിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയും ടോക്സിക് മാസ്കുലിനിറ്റിയും വയലൻസും വലിയ ചർച്ചയായിരുന്നു. ബോക്സോഫീസിൽ സൂപ്പർ ഹിറ്റായ സിനിമ പിന്നീട് ബോളിവുഡിൽ കബീർ സിംഗ് എന്ന പേരിൽ റീമേക്ക് ചെയ്തു. ഷാഹിദ് കപൂർ ആയിരുന്നു നായകൻ. 2023ൽ അനിമൽ എന്ന ഹിന്ദി സിനിമയൊരുക്കിയ സന്ദീപ് വാങ്ക റെഡ്ഡി ബോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സിനിമയും ടോക്സിക് മാസ്കുലിനിറ്റിയും എസ്ക്ട്രീം വയലൻസും കാരണം വിവാദത്തിലായി. രൺബീർ കപൂർ, രശ്മിക മന്ദന എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.
Also Read: Madhu: കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷീലയോടൊ ശാരദയോടൊ അല്ല ഇഷ്ടം, അത് ആ നടിയോടാണ്: മധു
അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി 2015ൽ അൽഫോൺസ് പുത്രം സംവിധാനം ചെയ്ത പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. തൊട്ടടുത്ത വർഷം സമീർ താഹിറിൻ്റെ കലി എന്ന സിനിമയിലും താരം അഭിനയിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി താരം ഏറെ സിനിമകളിൽ അഭിനയിച്ചു. രാജ്കുമാർ പെരിയസ്വാമിയുടെ അമരൻ എന്ന സിനിമയാണ് താരത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം റിലീസായ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്നതും സായ് പല്ലവിയാണ്.