AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gireesh Puthenchery : തന്റെ മരണം ഗിരീഷ് പുത്തഞ്ചേരി നേരത്തെ പ്രവചിച്ചിരുന്നു; അത്രയും നാള്‍ വരെയേ ആയുസുള്ളൂ

Kamal with memories of Gireesh Puthenchery : പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് രഞ്ജിത്തും താനും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഇരിക്കുമ്പോഴാണ് ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുന്നതെന്നും കമല്‍ വ്യക്തമാക്കി. രഞ്ജിത്തിന്റെ ഒരു സഹായിയായിട്ടാണ് അദ്ദേഹം വന്നത്. പിന്നീട് ഗിരീഷ് വലിയ പാട്ടു എഴുത്തുകാരനായി. അപ്പോഴും താന്‍ ഗിരീഷിനെ പാട്ട് എഴുതാന്‍ വിളിച്ചിട്ടില്ലെന്ന് കമല്‍

Gireesh Puthenchery : തന്റെ മരണം ഗിരീഷ് പുത്തഞ്ചേരി നേരത്തെ പ്രവചിച്ചിരുന്നു;  അത്രയും നാള്‍ വരെയേ ആയുസുള്ളൂ
കമല്‍, ഗിരീഷ് പുത്തഞ്ചേരി Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 03 Feb 2025 | 11:59 AM

വിസ്മയിപ്പിക്കുന്ന വാക്കുകള്‍ വിതറി ഗാനാസ്വാദകരെ വിസ്മയത്തിലാഴ്ത്തിയ പാട്ടെഴുത്തുകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. എഴുതിയ വരികളിലൊക്കെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാക്കുകള്‍ മാത്രം. മലയാളിയുടെ ഹൃദയത്തില്‍ അത്രമേല്‍ പതിഞ്ഞ പദവിസ്മയങ്ങള്‍. പാട്ടെഴുത്ത് പാതിവഴിയില്‍ നിര്‍ത്തി 48-ാം വയസില്‍ അദ്ദേഹം വിടവാങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിയോഗം. താന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് ഗിരീഷ് പുത്തഞ്ചേരി പണ്ട് വെളിപ്പെടുത്തിയിരുന്നെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ കമല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വയലാറിനെ പോലെയാണ് താനെന്ന് ഗിരീഷ് പറയുമായിരുന്നുവെന്ന് കമല്‍ വെളിപ്പെടുത്തി.

”വയലാര്‍ 48-ാം വയസില്‍ മരിച്ചു. ഗിരീഷും 48-ാമത്തെ വയസില്‍ മരിച്ചു. വയലാറിന്റെ അത്രയെ താനും പോകൂവെന്നും, അതിന് മുകളിലേക്ക് പോകില്ലെന്നും ഗിരീഷ് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിന് വഴക്കും പറഞ്ഞിട്ടുണ്ട്. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് വയലാര്‍ ഇത്രയും മനോഹരമായ പാട്ടുകള്‍ എഴുതിയത്. ഗിരീഷും എന്തുമാത്രം പാട്ടുകള്‍ എഴുതിയെന്ന് ആലോചിക്കണം. അത് ഒരു നിമിത്തമാണ്. ചില ആള്‍ക്കാര്‍ക്ക് കുറച്ചുനാള്‍ മതിയല്ലോ? ചെറിയ വയസില്‍ മരിച്ച ക്ലിന്റ് എന്ന കുട്ടി, അതിനുള്ളില്‍ എത്ര ചിത്രങ്ങളാണ് വരച്ചത്. അതുപോലെയാണ് ഗിരീഷ് പുത്തഞ്ചേരിയും. ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്രയോ മനോഹരമായ പാട്ടുകള്‍ സംഭാവന ചെയ്തിട്ടാണ് ഗിരീഷ് പോയത്. ചെയ്യാവുന്നത് മുഴുവന്‍ ചെയ്തിട്ടാണ് ഗിരീഷ് പോയത്”-കമല്‍ പറഞ്ഞു.

Read Also : ‘ദിലീപും മഞ്ജുവും ഞെട്ടിച്ചു, ബിജു മേനോന്റെയും, സംയുക്തയുടെയും പ്രണയം പെട്ടെന്ന് കണ്ടുപിടിച്ചു’; കമലിന്റെ വെളിപ്പെടുത്തല്‍

പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് രഞ്ജിത്തും താനും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഇരിക്കുമ്പോഴാണ് ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുന്നതെന്നും കമല്‍ വ്യക്തമാക്കി. രഞ്ജിത്തിന്റെ ഒരു സഹായിയായിട്ടാണ് അദ്ദേഹം വന്നത്. സ്‌ക്രിപ്റ്റിന്റെ ചര്‍ച്ചയില്‍ അദ്ദേഹവും കൂടെയിരിക്കും. പിന്നീട് ഗിരീഷ് വലിയ പാട്ടു എഴുത്തുകാരനായി. അപ്പോഴും താന്‍ ഗിരീഷിനെ പാട്ട് എഴുതാന്‍ വിളിച്ചിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കി.

കൈതപ്രമായിരുന്നു അന്ന് മിക്ക പടങ്ങള്‍ക്കും പാട്ട് എഴുതുന്നത്. പാട്ട് എഴുതാന്‍ വിളിക്കാത്തതില്‍ ഗിരീഷ് ഒരു ദിവസം പരിഭവം പറഞ്ഞു. അടുത്ത സിനിമയ്ക്ക് വിളിക്കുമെന്ന് താനും പറഞ്ഞു. അങ്ങനെയാണ് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ട് എഴുതാന്‍ ഗിരീഷ് വരുന്നത്. അതിലെ എല്ലാ പാട്ടും ഹിറ്റായി. ഗിരീഷ് കുറേക്കാലം കൂടി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.