Saranya Ponvannan: ‘ജീസസിനും മുരുകനുമൊപ്പം പൂജാമുറിയിൽ അമ്മയുടെ ഫോട്ടോ, പലരും വിമർശിച്ചു’; ശരണ്യ പൊൻവണ്ണൻ
Saranya Ponvannan About Her Pooja Room: തന്റെ ഭർത്താവ് ഒരു ഹിന്ദുവും താൻ ഒരു റോമൻ കാത്തലിക്കുമായതിനാൽ തന്റെ വീട്ടിലെ പൂജാമുറി വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് നടി ശരണ്യ പറയുന്നു.

ശരണ്യ പൊൻവണ്ണൻ
തമിഴ് സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ പൊൻവണ്ണൻ. കമൽഹാസൻ ചിത്രത്തിൽ നായികയായി അഭിനയത്തിലേക്ക് ചുവടുവെച്ച നടി, അമ്മ വേഷങ്ങളിലൂടെയാണ് ജനമനസ്സ് കീഴടക്കിയത്. സംവിധായകനും നടനുമായ പൊൻവണ്ണന്റെ ഭാര്യ കൂടിയാണ് ശരണ്യ. തമിഴിൽ മാത്രമല്ല ഇവർ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റിച്ചിംഗ് ഏറെ ഇഷ്ടമുള്ള ശരണ്യയ്ക്ക് ഫാഷൻ ടെക്നോളജി പഠിപ്പിക്കുന്ന ഒരു സ്ഥാപനവും സ്വന്തമായുണ്ട്. ഇപ്പോഴിതാ, തന്റെ വീട്ടിലെ പൂജാമുറിയെ കുറിച്ച് സംസാരിക്കുകയാണ് നടി. ജെഎഫ്ഡബ്ലുവിന് നൽകിയ അഭിമുഖത്തിലാണ് ശരണ്യ ഇക്കാര്യം പങ്കുവെച്ചത്.
തന്റെ വീട്ടിലെ പൂജാമുറി വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് ശരണ്യ പറയുന്നു. അതിന് കാരണം തന്റെ ഭർത്താവ് ഹിന്ദുവും താൻ ഒരു റോമൻ കാത്തലിക്കുമാണ് എന്നതാണ്. രണ്ടുപേരും രണ്ട് മതസ്ഥരാണെങ്കിൽ പോലും വിവാഹം കഴിഞ്ഞ 22 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ അതൊരു ചർച്ചാ വിഷയമായിട്ടില്ല എന്ന് ശരണ്യ പറയുന്നു. തന്റെ മക്കളോട് മതം ഏതാണെന്ന് ചോദിച്ചാൽ അവർ മറുപടി പറയാതെ ചിരിക്കാൻ തുടങ്ങും. കാരണം, തങ്ങൾ ഏത് മതത്തിൽപ്പെട്ടവരാണെന്ന് അവർക്ക് തന്നെ അറിയില്ല. അതിനാൽ എല്ലാ മതത്തിലും ഉൾപ്പെട്ടവർ എന്നാണ് പറയാറുള്ളതെന്നും നടി കൂട്ടിച്ചേർത്തു.
എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് ശരണ്യ പറയുന്നു. ക്ഷേത്രത്തിലും പള്ളിയിലും ദർഗയിലുമെല്ലാം പോയി പ്രാർത്ഥിക്കും. എല്ലാ ഫെസ്റ്റിവലും ആഘോഷിക്കും. തന്നെക്കാൾ നന്നായി ബൈബിൾ വായിച്ചിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതും തന്റെ ഭർത്താവാണെന്നും ശരണ്യ പറഞ്ഞു. അദ്ദേഹം വരച്ച ജീസസിന്റെ ഒരു ഫോട്ടോ പ്രാർത്ഥന മുറിയിലുണ്ട്. അമ്മയുടെ ഫോട്ടോയും ദൈവങ്ങൾക്കൊപ്പം പൂജാമുറിയിൽ വെച്ചിട്ടുണ്ട്. തന്റെ കല്യാണത്തിന് മുമ്പ് അമ്മ മരിച്ചു. തനിക്ക് അമ്മയാണ് ദൈവം. ജീസസിനൊപ്പം ഗണപതിയും മുരുകനും അമ്മനും സായ് ബാവയുമെല്ലാം പ്രാർത്ഥന മുറിയിലുണ്ട്. അമ്മയുടെ ഫോട്ടോ പൂജാമുറിയിൽ സൂക്ഷിച്ചതിനെ പലരും വിമർശിച്ചു. പക്ഷെ താൻ അതൊന്നും കാര്യമാക്കിയില്ലെന്നും നടി പറഞ്ഞു.
പൂജാമുറിയിൽ അമ്മന്റെ ഒരു വിഗ്രഹം ഉണ്ട്. അഴുക്ക് പിടിച്ച് കഴിയുമ്പോൾ ബാക്ക് യാർഡിലെ അലക്കുകല്ലിൽ കൊണ്ടുപോയി വെച്ചാണ് കഴുകുന്നത്. എന്നാൽ, ദൈവങ്ങളുടെ വിഗ്രഹം അങ്ങനെ കഴുകരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ദൈവങ്ങളുടെ വിഗ്രഹം വൃത്തിയായിരിക്കണം എന്നതു കൊണ്ടാണ് താൻ അത് നന്നായി കഴുകി വൃത്തിയാക്കുന്നതെന്നും അതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. ദൈവങ്ങളെ നന്നായി തന്നെയാണ് സൂക്ഷിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.