Sheelu Abraham: ‘ആ സിനിമ ഇറങ്ങിയതോടെ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി’; ഷീലു എബ്രഹാമിനെ കടക്കെണിയിലാക്കിയ സിനിമ ഏതാണ്?
Sheelu Abraham Financial Loss: ഷീലു എബ്രഹാമിന്റെ തുറന്നു പറച്ചിലിന് പിന്നാലെ നടിയെയും കുടുംബത്തെയും കടക്കെണിയിലാക്കിയ ആ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ഷീലു എബ്രഹാം
കഴിഞ്ഞ ദിവസം ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഷീലു എബ്രഹാം പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. നിർമ്മിച്ച സിനിമ വിജയിക്കാതെ വന്നതോടെ വീട് വിൽക്കേണ്ടി വന്നുവെന്നും നിലവിൽ വാടക വീട്ടിലാണ് താമസമെന്നുമാണ് അഭിമുഖത്തിൽ നടി പറയുന്നത്. ഹോട്ടലുകൾ എല്ലാം പണയത്തിലാണെന്നും, ഇനി രണ്ടെണ്ണം കൂടി പണയം വെക്കാനുണ്ടെന്നും ഷീലു പറയുന്നുണ്ട്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
ഷീലു എബ്രഹാമിന്റെ തുറന്നു പറച്ചിലിന് പിന്നാലെ നടിയെയും കുടുംബത്തെയും കടക്കെണിയിലാക്കിയ ആ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അഭിമുഖത്തിനിടയിൽ തന്നെ കടക്കെണിയിലാക്കിയ ചിത്രം ‘ബാഡ് ബോയ്സ്’ ആണെന്ന് ഷീലു പറയുന്നുണ്ട്. ഹോം ടൂറിൽ എല്ലാവരും കണ്ട തന്റെ വീട് ‘ബാഡ് ബോയ്സ്’ സിനിമ ഇറങ്ങിയതോടു കൂടി വിറ്റുവെന്നാണ് അഭിമുഖത്തിൽ നടി പറയുന്നത്. ആ വീട് വിറ്റാണ് രക്ഷപ്പെട്ട് വാടകവീട്ടിലേക്ക് മാറിയതെന്നും, ‘രവീന്ദ്രാ നീ എവിടെ?’ അതിന് മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ‘ബാഡ് ബോയ്സ്’ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. റഹ്‍മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ‘ബാഡ് ബോയ്സ്’. 2024 സെപ്റ്റംബറിൽ ഓണം റിലീസായി എത്തിയ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിച്ചത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.
ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരും അഭിനയിച്ചിരുന്നു.
സാരംഗ് ജയപ്രകാശ് തിരക്കഥ രചിച്ച സിനിമ പിന്നീട് ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. എന്നാൽ, ചിത്രത്തിന് തീയേറ്ററിൽ വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.