Shine Tom Chacko’s Father: ‘ആര് സഹായം ചോദിച്ചാലും നൽകും; പ്ലാവിൽ നിറയെ ചക്കയുണ്ട്, നാട്ടുകാർക്കെല്ലാം കൊടുക്കണം’; ഷൈനിന്റെ അച്ഛൻ അവസാനമായി പറഞ്ഞത്
Shine Tom Chacko's father, C.P. Chacko: ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് ഷൈനുമായി പോകുമ്പോൾ വീട് ശ്രദ്ധിക്കാൻ പറഞ്ഞു. പ്ലാവിൽ നിറയെ ചക്കയുണ്ട്. മൂത്ത് തുടങ്ങി. നാട്ടുകാർക്കെല്ലാം കൊടുക്കണമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പോയതെന്നാണ് അയൽവാസിയായ തൃശൂർ മുണ്ടൂർ സൈമൺ ചിറമ്മല്‍ പറയുന്നത്

Shine Tom Chacko's Father
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് സിപി ചാക്കോ മരിച്ചതിന്റെ ഞെട്ടലിലാണ് അയൽവാസികളും നാട്ടുകാരും. എല്ലാവർക്കും എറെ പ്രിയപ്പെട്ട ഒരാളായിരുന്നു ചാക്കോ എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണ വാർത്ത മുണ്ടൂർ എന്ന നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വീട്ടിൽ ആര് സഹായം ചോദിച്ച് എത്തിയാലും നൽകുമെന്നും പരോപകാരിയെന്നുമാണ് ചാക്കോയെ കുറിച്ച് നാട്ടുകാർ പറയുന്നത്.
വീട്ടിൽ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ എത്ര പണം കൊടുക്കാനും മടിയില്ല. മറ്റുള്ളവരെ സഹായിക്കാൻ നിർബന്ധമുള്ളയാളാണ്. ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് ഷൈനുമായി പോകുമ്പോൾ വീട് ശ്രദ്ധിക്കാൻ പറഞ്ഞു. പ്ലാവിൽ നിറയെ ചക്കയുണ്ട്. മൂത്ത് തുടങ്ങി. നാട്ടുകാർക്കെല്ലാം കൊടുക്കണമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പോയതെന്നാണ് അയൽവാസിയായ തൃശൂർ മുണ്ടൂർ സൈമൺ ചിറമ്മല്‍ പറയുന്നത് . മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകന്റെ ചികിത്സയ്ക്കായി ബെംഗളൂരിലേക്കു പോകും മുൻപ് വീൽ ചെയർ ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകിയാണ് ചാക്കോ മടങ്ങിയത്.
പൊന്നാനിയിൽ പലചരക്ക് ഹോൾസെയിൽ കച്ചവടക്കാരനായിരുന്നു ചാക്കോ. ഇവിടെ നിന്ന് തൃശൂരിലേക്ക് മാറി സ്ഥിരതാമസമാക്കുകയായിരുന്നു. രണ്ട് പെൺമക്കളും കുടുംബ സമേതം വിദേശത്താണ്. 11 വർഷമായി മുണ്ടൂരിലാണ് ചാക്കോയും കുടുംബവും താമസിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സേലത്ത് വച്ച് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കും അമ്മ മരിയയ്ക്കും പരിക്കേറ്റു. ഇവർ ചികിത്സയില്‍ തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്.