Arijit Singh Retirement: ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്…. അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് അർജിത് സിങ്
Singer Arijit Singh has announced Retirement: ഭാവിയെക്കുറിച്ചുള്ള പദ്ധതികളോ വിരമിക്കാനുള്ള കാരണങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

Arijit Singh
മുംബൈ: ബോളിവുഡ് സംഗീത പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി പ്രമുഖ ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താൻ ഇനി പുതിയ പാട്ടുകൾ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
പുതുവത്സര ആശംസകൾ നേർന്നുകൊണ്ടാണ് അർജിത് തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. “കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്ക് നൽകിയ സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗാനരംഗത്ത് പുതിയ അവസരങ്ങൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു,” അദ്ദേഹം കുറിച്ചു.
എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അർജിത് വ്യക്തമാക്കിയിട്ടില്ല. വാർത്ത പുറത്തു വന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറയൂ, അർജിത് ഇല്ലാതെ ബോളിവുഡ് സംഗീതം അപൂർണ്ണമാണ് എന്നിങ്ങനെ പോകുന്ന ആരാധകരുടെ കമന്റുകൾ. രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് 2025-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
പകരം വെക്കാനില്ലാത്ത ശബ്ദം
‘ആഷിഖി 2’ എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെയാണ് അരിജിത് സിംഗ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘ചന്ന മേരേയ’ (ഏ ദിൽ ഹൈ മുഷ്കിൽ), ‘ഹവായേം’ (ജബ് ഹാരി മെറ്റ് സേജൽ) തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. പ്രണയവും വിരഹവും ഒരുപോലെ സംഗീതപ്രേമികളുടെ ഉള്ളിലേക്ക് എത്തിക്കാൻ അരിജിത്തിന്റെ ശബ്ദത്തിന് സാധിച്ചിരുന്നു. ഭാവിയെക്കുറിച്ചുള്ള പദ്ധതികളോ വിരമിക്കാനുള്ള കാരണങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.