Sreevidya Mullachery: ‘വീട്ടുകാർക്കല്ല നാട്ടുകാർക്കാണ് അറിയേണ്ടത്’; കുട്ടികളായില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ശ്രീവിദ്യ മുല്ലശ്ശേരി
Sreevidya Mullachery About Not Having Kids Yet: തങ്ങളോട് ഇത്തരം കാര്യങ്ങൾ വീട്ടുകാരും സുഹൃത്തുക്കളും ചോദിക്കാറില്ലെന്നും ഈ ചോദ്യവുമായി എത്തുന്നത് കൂടുതലും നാട്ടുകാരാണെന്നും ഇരുവരും പറയുന്നു.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും
കുട്ടികളായില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മിനിസ്ക്രീൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. ശ്രീവിദ്യയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്ളോഗിലൂടെയായിരുന്നു പ്രതികരണം. ശ്രീവിദ്യ തന്നെ ചോദ്യം ചോദിക്കന്ന രീതിയിലാണ് വീഡിയോ. തങ്ങളോട് ഇത്തരം കാര്യങ്ങൾ വീട്ടുകാരും സുഹൃത്തുക്കളും ചോദിക്കാറില്ലെന്നും ഈ ചോദ്യവുമായി എത്തുന്നത് കൂടുതലും നാട്ടുകാരാണെന്നും ഇരുവരും പറയുന്നു.
”സ്കൂളിൽ പഠിക്കുന്ന സമയത്ത് ഓരോ ക്ലാസിൽ എത്തുമ്പോഴും നിങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവ് ഇതാണ് എന്നു പറയുന്നതു പോലെയാണ് വിവാഹത്തിന്റെ കാര്യവും. പ്രേമിക്കുന്ന സമയത്ത് എന്നാണ് കല്യാണം എന്ന് ചോദിക്കും. കല്യാണം കഴിയുമ്പോൾ ചോദിക്കും കുട്ടികളായില്ലേ എന്ന്. കുട്ടികൾ ആയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചോദിക്കും. കുഴപ്പമുണ്ടെങ്കിൽ അടുത്ത ചോദ്യം ആർക്കാ കുഴപ്പം എന്നായിരിക്കും” രാഹുൽ രാമചന്ദ്രൻ വീഡിയോയിൽ പറഞ്ഞു. അടുത്തൊന്നും കുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എങ്കിലും ദൈവം നിശ്ചയിക്കുന്നതു പോലെയേ എല്ലാം നടക്കൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.
നിലവിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ശ്രീവിദ്യയും പറഞ്ഞു. “നമ്മൾ ഒരു കുട്ടിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പുതിയ ഒരാളെ ഈ ലോകത്തേക്ക് കൊണ്ടുവരികയാണ്. വളരെ സീരിയസായ ഒരു കാര്യമാണിത്. ഞങ്ങളുടെ എല്ലാ കാര്യത്തിനും വേണ്ടി നിന്നിട്ടുള്ളത് എന്റെ അമ്മയാണ്. അതുപോലെ അവർക്ക് വേണ്ടി നമ്മളും സമയം കണ്ടെത്തണം. ഒരുപാടു കാര്യങ്ങൾ ത്യജിക്കണം. ഇത് വലിയൊരു ഉത്തരവാദിത്തം ആണ്” ശ്രീവിദ്യ പറഞ്ഞു.
ALSO READ: ‘ഓല മേഞ്ഞ ടാക്കീസിന്റെ നിലത്തിരുന്ന് ആരാധിച്ച മനുഷ്യൻ’: രജനികാന്തിനെ സന്ദർശിച്ച് കോട്ടയം നസീർ
അടുത്തിടെയാണ് ഇരുവരും ചേർന്ന് കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ ഒരു പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. ടീഷർട്ടുകളാണ് പ്രധാനമായും കറ്റൈറിൽ വിൽക്കുന്നത്. ഇതിനു പുറമെ ഇവർ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും തുടങ്ങിയിട്ടുണ്ട്. ബിസിനസ് വിശേഷങ്ങളും പുതിയ യൂട്യൂബ് വീഡിയോയിൽ രാഹുലും ശ്രീവിദ്യയും പങ്കുവയ്ക്കുന്നുണ്ട്.