Shine Tom Chacko Father Death : ‘അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല, ഷൈൻ ടോം ചാക്കോയുടെ പരിക്കിൽ ആശങ്കപ്പെടാനൊന്നുമില്ല’; സുരേഷ് ഗോപി
Suresh Gopi on Shine Tom Chacko Father Death : ഷൈനിന്റെ അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shine Tom Chacko Father Death
തൃശ്ശൂർ: ഇന്നലെ പുലർച്ചെ സേലത്തുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഷൈനിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാത്രിയോടെ ഷൈനിന്റെ രണ്ട് സഹോദരിമാരും വിദേശത്ത് നിന്ന് എത്തും. ഞായറാഴ്ച കുർബാനയുള്ളതുകൊണ്ട് രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കളെല്ലാം വന്ന് ഇടവക വികാരിയുമായി ആലോചിച്ചതിനുശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൈനിന്റെ അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. ഷൈനിന്റെ കൈക്ക് പരിക്കുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതായി സുരേഷ് ഗോപി പറഞ്ഞു. സർജറി ഇന്നുണ്ടാകില്ലെന്നും പിതാവിന്റെ ചടങ്ങ് കഴിഞ്ഞ് സർജറി നടത്താനാണ് തീരുമാനം. കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. മുൻ സിറ്റിൽ ഇരുന്നവർക്ക് കുഴപ്പമൊന്നുമുണ്ടായില്ല. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത് എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പുലർച്ചെയാണ് തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് കാർ അപകടത്തിൽപ്പെട്ടത്. ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഷൈന്‍ ടോമിനും അമ്മയ്ക്കും പരിക്കേറ്റു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ നടന്റെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. വിദഗ്ധ ചികിത്സയ്ക്കായി ഷൈനിനെയും അമ്മ മരിയെയും ഇന്നലെ രാത്രിയിൽ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്.
അതേസമയം പിതാവിന്റെ വിയോഗത്തിൽ സംസാരിച്ച ഷൈൻ ടോം, പിതാവിന് തന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചനയെന്നും അത് എന്നും പറഞ്ഞു കൊണ്ടേയിരിക്കുമെന്നും പറഞ്ഞു. തൃശൂരിൽ നിന്ന് കയറിയത് മുതൽ മുഴുവൻ തമാശ പറഞ്ഞായിരുന്നു ഡാഡി ഇരുന്നത്. പാലക്കാട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു താൻ ഉറങ്ങിപ്പോയി എന്നും അപ്പോഴേക്കും ഡാഡി പോയെന്നുമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറയുന്നത്.