Prakash Varma About Nakshatramana: ജ്യോത്സ്യൻ അടുക്കളയുടെ സ്ഥാനം മാറ്റാൻ നിർദ്ദേശിച്ചു , കൊച്ചിയിലെ വീടായ നക്ഷത്രമനയെപ്പറ്റി പ്രകാശ് വർമ്മ
Thudarum fame Prakash Varma's home: പ്രകാശ് വർമ്മയും അദ്ദേഹത്തിൻ്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്ന് നിർമ്മിച്ച ഈ "നക്ഷത്ര മന" മലയാളി സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ സ്നേഹം പ്രതിഫലിപ്പിക്കുന്നതാണ്.

Naktramana
കൊച്ചി: തുടരും എന്ന സിനിമ കണ്ടിറങ്ങുന്ന എല്ലാവരുടേയും മനസ്സിൽ നായകനായ മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം ഇടം നേടിയതാണ് ജോർജ്ജ് സർ എന്ന വില്ലൻ. ഈ വില്ലനെപ്പറ്റിയാണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത്. നടനെന്ന നിലയിലേക്കെത്തുന്നതിനു മുമ്പേ പരസ്യചിത്ര സംവിധായകനെന്ന നിലയിൽ പ്രശസ്തനായ പ്രകാശ് വർമ്മയാണ് ജോർജ്ജ് സാറിനെ അനശ്വരമാക്കിയത്. ‘
നിർവാണ ഫിലിംസ്’ എന്ന പ്രമുഖ പരസ്യനിർമ്മാണ കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ അദ്ദേഹം ബംഗളുരുവിലാണ് താമസമെങ്കിലും കൊച്ചിയിലും അദ്ദേഹത്തിന് അതി മനോഹരമായ ഒരു വീടുണ്ട്. നക്ഷത്രമന എന്നാണ് അതിന്റെ പേര്. കൊച്ചി നഗരത്തിനടുത്ത് പൂക്കോട്ടയിലാണ് നക്ഷത്രമന സ്ഥിതി ചെയ്യുന്നത്.
കായലോരത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്, പ്രകൃതിയോട് ഇഴചേർന്ന് നിൽക്കുന്ന ഒരു കാഴ്ചയാണ് നൽകുന്നത്. കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിനാണ് ഇതിന്റെ രൂപകൽപ്പന. ക്യൂ സ്റ്റുഡിയോയിലെ “കോൺവെർസേഷൻ വിത്ത് മനീഷ് നാരായണൻ” എന്ന അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ വീടായ “നക്ഷത്ര മന”യെക്കുറിച്ച് സംസാരിച്ചത് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
ഏഴ് വർഷം കൊണ്ടാണ് താൻ ഈ വീട് പണിതതെന്നും, വീടിൻ്റെ പണി പൂർത്തിയായപ്പോൾ ഒരു ജോത്സ്യനെക്കൊണ്ട് കാണിച്ച് അവസാന അനുവാദം വാങ്ങിയെന്നും അദ്ദേഹം പറയുന്നു. ജ്യോത്സ്യൻ അടുക്കളയുടെ സ്ഥാനം മാറ്റാനും, ക്രമമല്ലാത്ത ഒരു മൂലയെ ശരിയായ രൂപത്തിലേക്ക് മാറ്റാനും നിർദ്ദേശിച്ചു.
കൂടാതെ, പല പ്രശ്നങ്ങൾക്കും കാരണമായിരുന്ന, അടുക്കളയിലുണ്ടായിരുന്ന ഒരു പഴയ കിണർ മാറ്റേണ്ടിയും വന്നു എന്നും അദ്ദേഹം ഓർക്കുന്നു. പ്രകാശ് വർമ്മയും അദ്ദേഹത്തിൻ്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്ന് നിർമ്മിച്ച ഈ “നക്ഷത്ര മന” മലയാളി സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ സ്നേഹം പ്രതിഫലിപ്പിക്കുന്നതാണ്. വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രകഴിഞ്ഞെത്തുമ്പോഴെല്ലാം വീട് അലങ്കരിക്കുന്ന സാധനങ്ങൾ വാങ്ങുമെന്നും അത് നക്ഷത്രമനയിൽ എത്തിക്കാറുണ്ടെന്നും പ്രകാശ് കൂട്ടിച്ചേർത്തു.
പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിരവധി പരസ്യചിത്രങ്ങൾ ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പല പ്രമുഖ ബ്രാൻഡുകൾക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരസ്യങ്ങൾക്ക് ഒരു സിനിമാറ്റിക് ഭംഗി നൽകുന്നതിൽ അദ്ദേഹം പ്രത്യേക കഴിവ് പുലർത്തുന്നു. കഥപറച്ചിലിന് പ്രാധാന്യം നൽകുന്ന പരസ്യങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.