Sreeragamo Song: ഇജ്ജാതി സൈക്കോ കോമ്പോസിഷൻ ഇങ്ങേരെക്കൊണ്ടേ പറ്റൂ… താളം തെറ്റിച്ചെന്ന് തോന്നിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് പാട്ടുകൾ
Understanding Music Director Sharath's Versatility: ചില ഭാഗങ്ങളിൽ സ്വരങ്ങൾ പാടേണ്ടിടത്ത് കൃത്യമായ ഗ്യാപ് ഇട്ട് ആണ് താളം ശരിപ്പെടുത്തിയിരിക്കുന്നത്. പാടുന്നവർ കൃത്യമായി ആ ഗ്യാപ്പിലെ മൗനം കൃത്യമായി അക്ഷരം ഉച്ചരിക്കുന്ന സമയത്തോളം നൽകിയില്ലെങ്കിൽ താളം തെറ്റും.

Malayalam Movie Song Sreeragamo
കൊച്ചി: രാഗങ്ങളിലും താളങ്ങളിലും കുസൃതികളും വികൃതികളും കാട്ടി കേൾവിക്കാരെ പരിഭ്രമിപ്പിക്കാനും തെറ്റിധരിപ്പിക്കാനും മിടുക്കനാണ് മലയാള സിനിമാസംഗീത സംവിധായകൻ ശരത്. അദ്ദേഹത്തിന്റെ പല പാട്ടുകളും കേൾക്കുമ്പോൾ അതിശയപ്പെടാനേ നമുക്കു കഴിയൂ. ഇതിൽ താളം കൊണ്ട് നമ്മെ തെറ്റിധരിപ്പിച്ച ഒന്നാണ് ശ്രീപാർവ്വതി പാഹിമാം ശങ്കരി എന്ന ഗാനം. രുദ്രാക്ഷം എന്ന സുരേഷ്ഗോപി ചിത്രത്തിനായി രണ്ട് രാഗത്തിൽ തയ്യാറാക്കിയ ഈ പാട്ടിലെ താളം ഇത്തിരി പിശകാണ്
അതികഠിനം 11/8
11/8 എന്ന താളത്തിലാണ് ഈ പാട്ട് ചെയ്തിരിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന മിശ്രചാപ്പ് എന്ന താളത്തിനൊപ്പം രണ്ട് താളം കൂടുതൽ അടിക്കുന്നതാണ് ഇത്. ഇത് പല തരത്തിൽ അടിക്കാമെങ്കിലും പൊതുവെ മനസ്സിലാക്കാൻ പാടുള്ള ഒന്നാണിത്. പ്രത്യക്ഷത്തിൽ താളം തെറ്റി എന്നു തോന്നുമെങ്കിലും എല്ലാം കിറുകൃത്യമെന്ന് ഈ താളം പിടിച്ചു നോക്കിയാൽ മനസ്സിലാകും. ആദ്യഭാഗത്താണ് ഈ വികൃതി. അനുപല്ലവിയിൽ താളവും രാഗവും മാറും. സാധാരണ താളത്തിലേക്ക് അത് തിരിച്ചുവരും.
ശ്രീരാഗമോ തേടുന്നു നീ
ശ്രീരാഗമോ എന്ന ഗാനം എല്ലാവരുടേയും ഫേവറേറ്റ് ലിസ്റ്റിൽ ഉള്ള ഒന്നാണ്. പാട്ടൊക്കെ ഉഷാർ തന്നെ എന്നാൽ അതിലെ പക്കാല …. എന്ന ഭാഗം അൽപം പ്രശ്നമാണ്. പകുതി സ്വരം പകുതി ഭാഗം വീണയിൽ … ഇതിൽ തെറ്റിയോ തെറ്റിയില്ലേ… താളമെവിടെ എന്നൊക്കെ ആകെമൊത്തം സംശയമാകും. ഇതെങ്ങനെ ചിട്ടപ്പെടുത്തിയെന്നു നോക്കാം. ഇതിന്റെ ആദ്യ സ്വരഭാഗത്ത് പ്രശ്നമില്ല. പിന്നാലെ വരുന്ന ഭാഗത്താണ് സംശയം. ഇതൊരു ഗ്യാപ് ഫില്ലിങ് പരിപാടിയാണ്.
ചില ഭാഗങ്ങളിൽ സ്വരങ്ങൾ പാടേണ്ടിടത്ത് കൃത്യമായ ഗ്യാപ് ഇട്ട് ആണ് താളം ശരിപ്പെടുത്തിയിരിക്കുന്നത്. പാടുന്നവർ കൃത്യമായി ആ ഗ്യാപ്പിലെ മൗനം കൃത്യമായി അക്ഷരം ഉച്ചരിക്കുന്ന സമയത്തോളം നൽകിയില്ലെങ്കിൽ താളം തെറ്റും. ആ ഗ്യാപിൽ വീണയും മറ്റ് വാദ്യങ്ങളും മാത്രം. വികൃതി നിറഞ്ഞ ഈ കോംപോസിഷൻ കാണുമ്പോൾ അറിയാതെ നാം മനസ്സിൽ പറയും ഇജ്ജാതി സൈക്കോ കോംപോസിഷൻ ഇങ്ങേരെക്കൊണ്ടേ പറ്റൂ….