Veena Mukundan: ‘പ്രഗ്നെന്റ് ആണെന്നത് യുട്യൂബ് ചാനലിലൂടെ പറയണോ? അതൊക്കെ സ്വകാര്യ വിഷയമല്ലേയെന്ന് കമന്റ്; മറുപടിയുമായി വീണ
Veena Mukundan Responds to Criticism: പ്രഗ്നൻസി റിവീലിങ് വീഡിയോ ചെയ്തതിന് വന്ന വിമർശനങ്ങൾക്കും, ഭർത്താവിനെ എന്തുകൊണ്ട് വ്ലോഗുകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന ചോദ്യത്തിനുമെല്ലാം വീഡിയോയിൽ വീണ മറുപടി നൽകുന്നുണ്ട്.

വീണ മുകുന്ദൻ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് അവതാരക വീണ മുകുന്ദൻ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ‘വീണ ഒറിജിനൽസ്’ എന്ന പേരിൽ വീണ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ന്യൂസ് ചാനലുകളിലും മറ്റും സാധാരണ കാണാറുള്ള അഭിമുഖത്തിൽ നിന്ന് വ്യത്യസ്തമാണ് വീണയുടെ അഭിമുഖങ്ങൾ. നിലവിൽ ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങളും ഈ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വീണയുടെ അഭിമുഖങ്ങൾ പലപ്പോഴും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സ്വകാര്യതയെ മാനിക്കാതെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിന് താഴെ വന്ന കമന്റുകൾക്ക് മറുപടി നൽകുകയാണ് വീണ പുതിയ വീഡിയോയിലൂടെ.
പ്രഗ്നൻസി റിവീലിങ് വീഡിയോ ചെയ്തതിന് വന്ന വിമർശനങ്ങൾക്കും, ഭർത്താവിനെ എന്തുകൊണ്ട് വ്ലോഗുകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന ചോദ്യത്തിനുമെല്ലാം വീഡിയോയിൽ വീണ മറുപടി നൽകുന്നുണ്ട്. ഭർത്താവിനെ എന്തുകൊണ്ട് വീഡിയോയിൽ കാണിക്കുന്നില്ലെന്ന ചോദ്യത്തിന് ഓരോ ആളുകളും ഓരോ തരത്തിലാണെന്നും, താൻ കുറച്ച് എക്‌സ്‌ട്രോവേർട്ടും ഭർത്താവ് ഇൻട്രോവേർറ്റുമാണെന്നാണ് വീണയുടെ മറുപടി. അദ്ദേഹം പ്രൈവസി ആഗ്രഹിക്കുന്നയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രഗ്‌നൻറ് ആണെന്നത് യൂട്യൂബ് ചാനലിലൂടെ എന്തിന് പരസ്യപ്പെടുത്തിയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. അതിന്, താൻ ഗർഭിണിയാണോയെന്ന് ചോദിച്ചുകൊണ്ട് നിരന്തരമായി കമന്റുകൾ വരാറുണ്ടെന്നും അതുകൊണ്ടാണ് പ്രഗ്നൻസി റിവീലിങ് വീഡിയോ ചെയ്തതെന്നും വീണ പറഞ്ഞു. തന്റെ ജീവിതത്തിൽ തനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോഴുള്ള മാതാപിതാക്കളുടെ റിയാക്ഷൻ. അത് സബ്സ്ക്രൈബേഴ്സിനെ കൂടി കാണിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് വീഡിയോയാക്കി പബ്ലിഷ് ചെയ്തത്. മാത്രമല്ല തന്റേത് ഒരു പേഴ്‌സണൽ ചാനൽ ആണെന്നും, താത്പര്യമുള്ളവർക്ക് കാണാം അല്ലാത്തവർക്ക് ചാനൽ അൺസബ്സ്ക്രൈബ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും വീണ കൂട്ടിച്ചേർത്തു.
“വളരെ ആലോചിച്ച് പ്ലാൻ ചെയ്‌തു അതിന് അനുസരിച്ച് ദൈവ സഹായം കൂടി ലഭിച്ചപ്പോൾ ഉണ്ടായ ഒരു കാര്യമാണ് പ്രഗ്നൻസി. അതുകൊണ്ട് ആ എക്സൈറ്റ്മെന്റിൽ കുറച്ചധികം കാര്യങ്ങൾ ഷെയർ ചെയ്തിരുന്നു. അതിന്റെ പേരിൽ സൈബർ ബുള്ളിയിങ് ചെയ്യേണ്ട കാര്യമുണ്ടോ? കാരണം ആ വീഡിയോയിൽ എന്താണ് ഉള്ളതെന്ന് അതിന്റെ തമ്പ്നെയിലിൽ തന്നെ പറയുന്നുണ്ട്. താത്പര്യം ഉള്ളവർ വീഡിയോ കണ്ടാൽ പോരെ? കണ്ടുകഴിഞ്ഞ ശേഷം ചീത്തവിളിക്കേണ്ടതുണ്ടോ?” വീണ ചോദിക്കുന്നു.
ഹോം ടൂർ വീഡിയോ ചെയ്തപ്പോൾ അടുക്കളയിൽ കയറാറില്ലെന്ന് സത്യസന്ധമായി ഞാൻ പറഞ്ഞിരുന്നു. അതിനും വിമർശനം നേരിട്ടിരുന്നുവെന്ന് വീണ പറയുന്നു. അടുക്കളയിൽ കയറാറില്ലെന്ന് പറയുന്നത് ഇപ്പോഴത്തെ ട്രെന്റാണെന്ന് തോന്നുന്നുവെന്ന് ചിലർ വിമർശിച്ചു. ട്രെന്റാണോ അല്ലയോയെന്ന് തനിക്ക് അറിയില്ല. അടുക്കളയിൽ കയറാത്തത് വലിയൊരു തെറ്റായി കൊട്ടിഘോഷിക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നാണ് താൻ കരുതുന്നതെന്ന് വീണ പറയുന്നു. അതുപോലെ, കല്യാണം കഴിക്കണോ? കുട്ടികൾ വേണമോയെന്നതും ആർട്ടിസ്റ്റുകളുടെ ചോയ്‌സാണ്. എന്നാൽ, ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങളിൽ ആർക്കെങ്കിലും തറപ്പിച്ച് പറയാൻ കഴിയുമോയെന്നും വീണ ചോദിക്കുന്നു.
ആളുകൾക്ക് കാണാൻ താത്പര്യമില്ലായിരുന്നെങ്കിൽ വീഡിയോകൾക്ക് ഇത്രയേറെ വ്യൂസ് വരുമായിരുന്നോയെന്നും, ഉള്ളിന്റെ ഉള്ളിൽ നമുക്കൊക്കെ ഇതൊക്കെ കാണാനും കേൾക്കാനും താൽപര്യമുണ്ടെന്നും വീണ പറഞ്ഞു. കൂടാതെ, ഗസ്റ്റായി വരുന്ന ആർട്ടിസ്റ്റുകളുടെ കയ്യിൽ പിടിച്ചും മറ്റും സംസാരിക്കുന്നത് അവരോടുള്ള പരിചയത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണെന്നും വീണ കൂട്ടിച്ചേർത്തു.