Vishnu Prakash: ‘ആ സിനിമയില്‍ സിഐ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, അത് വേറൊരാള്‍ തട്ടിക്കളഞ്ഞു’
Vishnu Prakash opens up about his career: 'മുടിയനായ പുത്രനി'ല്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ആ നാടകം കാണാന്‍ പത്മരാജന്‍ സാര്‍ വന്നു. നാടകം കഴിയുമ്പോള്‍ വന്ന് കാണണമെന്ന് അദ്ദേഹം ഇന്റര്‍വെല്‍ സമയത്ത് വന്ന് പറഞ്ഞു. അങ്ങനെ പത്മരാജന്‍ സാറിനെ കാണാന്‍ പോയെന്നും താരം

വിഷ്ണു പ്രകാശ്
സിനിമകളിലൂടെയും, സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിഷ്ണു പ്രകാശ് (കൈലാസി വിഷ്ണുപ്രകാശ്). കെപിഎസിയുടെ ‘കൈയും തലയും പുറത്തിടരുത്’ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ പത്മരാജന്റെ മറ്റൊരു ചിത്രമായ ‘ഇന്നലെ’യിലെ സിഐ റോളില്‍ തന്നെയാണ് കാസ്റ്റ് ചെയ്തിരുന്നതെന്നും, എന്നാല്‍ അത് അഭിനയിച്ചത് മറ്റൊരാളാണെന്നും വിഷ്ണു പ്രകാശ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആ താരത്തിന്റെ പേര് വെളിപ്പെടുത്താതെയാണ് വിഷ്ണു പ്രകാശ് ഇക്കാര്യം പറഞ്ഞത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
ഇന്നലെ എന്ന സിനിമയില്‍ തന്നെ കാസ്റ്റ് ചെയ്തിരുന്നു. അത് ഇടയ്ക്ക് വച്ച് ഒരാള്‍ തട്ടിക്കളഞ്ഞു. സിഐയുടെ റോളായിരുന്നു തനിക്ക് വച്ചിരുന്നത്. ആ റോള്‍ അദ്ദേഹം ചെയ്തു. പൂജപ്പുര രാധാകൃഷ്ണന് ഇത് അറിയാം. അദ്ദേഹം അന്ന് സാറിന്റെ അസിസ്റ്റന്റായിരുന്നു. നീ വിഷമിക്കേണ്ടെന്നും പൂജയില്‍ പങ്കെടുത്തിട്ട് പൊക്കോയെന്നും പത്മരാജന്‍ സര്‍ പറഞ്ഞു. ആ റോള്‍ മറ്റൊരാളിന് കൊടുത്തു. പുതിയൊരാളിന് ബോംബെയില്‍ ഒരു റോള്‍ വെച്ചിട്ടുണ്ട്. അത് താന്‍ ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കലാരംഗത്തേക്ക് തിരിഞ്ഞുവരുന്നതെന്നും വിഷ്ണുപ്രകാശ് വ്യക്തമാക്കി.
അഭിനയരംഗത്തേക്ക്
ചെറുപ്പം മുതല്‍ അഭിനയമോഹമുണ്ടായിരുന്നു. കോളേജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നപ്പോള്‍ യൂണിയന്‍ ഉദ്ഘാടനത്തിന് എത്തിയത് തോപ്പില്‍ ഭാസിയായിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അസൂയയുണ്ടായിരുന്നു. അതുകൊണ്ട് താന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ കൂവി. ഭാസി ചേട്ടന് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പ്രസംഗിച്ചപ്പോള്‍ കൂവിയതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്നും വിഷ്ണു പ്രകാശ് വ്യക്തമാക്കി.
കൂവിത്തോല്‍പ്പിക്കുന്നത് ഭീരുക്കളുടെ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ തന്നോട് താല്‍പര്യമുണ്ടായി. കെപിഎസിയുടെ മുന്നിലൂടെ ഓച്ചിറയ്ക്ക് പോകുന്നതുവഴി അവിടെ ഭാസി ചേട്ടന്‍ ഇരിക്കുന്നത് കണ്ട് അവിടെ കയറി. ഈ വര്‍ഷം തന്റെ കൂടെ നില്‍ക്കുന്നോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞെട്ടി. അദ്ദേഹം കൈയും തലയും പുറത്തിടരുത് എന്ന നാടകം എഴുതിയിട്ട് റിഹേഴ്‌സലിന് വേണ്ടി ആള്‍ക്കാരെ തപ്പുന്ന സമയമായിരുന്നു. വീട്ടില്‍ ചെന്ന് അമ്മയോട് ഇക്കാര്യം പറഞ്ഞു. അമ്മയ്ക്ക് അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു. രാത്രിയില്‍ അമ്മ അച്ഛനോട് ഇക്കാര്യം പറഞ്ഞു. അച്ഛന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് താന്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഇഷ്ടം പോലെ ചെയ്‌തോളൂവെന്നും, എന്നാല്‍ പരിപൂര്‍ണ അനുവാദത്തോടെയാണ് വിട്ടതെന്ന് ധരിക്കണ്ടയെന്നും അച്ഛന്‍ പറഞ്ഞുവെന്നും താരം വെളിപ്പെടുത്തി.
തന്നെ വേറൊരു ലെവലില്‍ കാണാനാണ് ആഗ്രഹിച്ചതെന്നും അച്ഛന്‍ വ്യക്തമാക്കി. താന്‍ ഒന്നും മിണ്ടിയില്ല. അങ്ങനെയാണ് കൈയും തലയും പുറത്തിടരുത് എന്ന നാടകത്തില്‍ അഭിനയിച്ചത്. അത് പ്രൊഫഷണല്‍ ജീവിതത്തില്‍ വഴിത്തിരിവായി. ‘മുടിയനായ പുത്രനി’ല്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ആ നാടകം കാണാന്‍ പത്മരാജന്‍ സാര്‍ വന്നു. നാടകം കഴിയുമ്പോള്‍ വന്ന് കാണണമെന്ന് അദ്ദേഹം ഇന്റര്‍വെല്‍ സമയത്ത് വന്ന് പറഞ്ഞു. അങ്ങനെ പത്മരാജന്‍ സാറിനെ കാണാന്‍ പോയി. ‘അല്ല പപ്പേട്ടാ, വിഷ്ണു പ്രകാശിന് നല്ല റോള്‍ കൊടുക്കണ്ടേ’ എന്ന് ചേച്ചി (പത്മരാജന്റെ ഭാര്യ) പത്മരാജന്‍ സാറിനോട് ചോദിച്ചു. ചേച്ചിയാണ് സിനിമയിലേക്ക് തന്നെ റെക്കമന്‍ഡ് ചെയ്യുന്നത്. അങ്ങനെയാണ് നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പില്‍ എന്ന സിനിമയിലേക്ക് വരുന്നതെന്നും വിഷ്ണു പ്രകാശ് പറഞ്ഞു.