Viral video: ഇനി അമ്മയുടെ ബില്ലുകളെല്ലാം ഞാൻ അടച്ചോളാം, 12 ലക്ഷത്തിന്റെ കടം വീട്ടി 17-കാരൻ, ഉള്ളുനിറയ്ക്കുന്ന വീഡിയോ ഇതാ
emotional video of mother and son: വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ അമനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

Viral Video (3)
ന്യൂഡൽഹി: അമ്മമാരുടെ കടം മക്കൾ വീട്ടുന്നത് ഒരു പുതിയ കഥയല്ല. പക്ഷെ 17 കാരൻ തന്റെ സമ്പാദ്യം ഉപയോഗിച്ച് അമ്മയുടെ ലക്ഷങ്ങളുടെ കടമാണ് വീട്ടുന്നതെങ്കിൽ അത് തീർച്ഛയായും ശ്രദ്ധിക്കപ്പെടും. അമൻ ദുഗ്ഗൽ എന്ന കൗമാരക്കാരൻ തന്റെ അമ്മയുടെ 10,000 പൗണ്ട് അതായത് ഏകദേശം 12 ലക്ഷം ഇന്ത്യൻ രൂപയുടെ കടം വീട്ടി സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, അമൻ തന്റെ അമ്മയോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതാണ് കാണുന്നത്. “ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, ഇത് കുറേക്കാലമായി ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ്,” എന്ന് അവൻ അമ്മയോട് പറയുന്നു. തനിക്ക് വേണ്ടി അമ്മ ചെയ്ത എല്ലാ കാര്യങ്ങൾക്കും അവൻ നന്ദി പറഞ്ഞു.
കണ്ണുതുറക്കാൻ ആവശ്യപ്പെട്ട ശേഷം പണം കൈമാറിക്കൊണ്ട് അമൻ പറഞ്ഞു: “ഇത് നിങ്ങളുടെ എല്ലാ കടങ്ങളും തീർക്കാനുള്ളതാണ്. ഇനി മുതൽ ഓരോ മാസവും നിങ്ങളുടെ എല്ലാ ബില്ലുകളും ഞാൻ അടച്ചു കൊള്ളാം, ഇത് എന്റെ ഉറപ്പാണ്.” ഇത് കേട്ട് വികാരാധീനയായ അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുന്നത് വീഡിയോയിൽ കാണാം.
“എന്റെ അമ്മ എനിക്ക് വേണ്ടി എല്ലാം നൽകിയിട്ടുണ്ട്. ഒടുവിൽ അമ്മയെ പരിപാലിക്കാൻ എനിക്ക് കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. വാക്കുകൾക്ക് അതീതമാണ് ഈ സന്തോഷം. ഒരു വർഷം മുമ്പ് തുടങ്ങിയ കഠിനാധ്വാനം ഒടുവിൽ ഈ നിമിഷം യാഥാർത്ഥ്യമായിരിക്കുന്നു,” എന്ന് അമൻ തന്റെ പോസ്റ്റിൽ കുറിച്ചു. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ അമനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.