Air India: ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിൽ തകരാറുണ്ടോ? വ്യക്തമാക്കി എയര്‍ ഇന്ത്യ
Air India completed inspections of fuel control switches in Boeing 787: സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി എയർ ഇന്ത്യ പൈലറ്റുമാർക്ക് ജാഗ്രത പാലിക്കണമെന്നും വിമാനത്തിന്റെ ടെക്‌നിക്കല്‍ ലോഗില്‍ പ്രശ്‌നങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ

എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ
ന്യൂഡല്‍ഹി: ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ ഒരു തകരാറും കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ. ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് മെക്കാനിസത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂര്‍ത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. ബോയിംഗ് 787, 737 എയര്‍ക്രാഫ്റ്റില്‍ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും ഇന്ധന സ്വിച്ച് ലോക്കിങ് പരിശോധിക്കണമെന്ന ഡിജിസിഎയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് പരിശോധന നടത്താന്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചത്. എയർലൈനിന്റെ എഞ്ചിനീയറിംഗ് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി.
പരിശോധനകൾ പൂർത്തിയായി. ഒരു പ്രശ്നവും കണ്ടെത്തിയില്ല. എല്ലാ ബോയിംഗ് 787-8 വിമാനങ്ങളും ഇതിനകം ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (TCM) മാറ്റിസ്ഥാപിച്ചെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതിൽ ഫ്യുവല്‍ കണ്‍ട്രോളിങ് സ്വിച്ചുകള്‍ നിര്‍ണായകമാണ്.
Read Also: Amarnath Yatra 2025: കനത്ത മഴയും മണ്ണിടിച്ചിലും; പഹൽഗാമിൽ നിന്നുള്ള അമർനാഥ യാത്ര നിർത്തിവച്ചു
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി എയർ ഇന്ത്യ പൈലറ്റുമാർക്ക് ജാഗ്രത പാലിക്കണമെന്നും വിമാനത്തിന്റെ ടെക്‌നിക്കല്‍ ലോഗില്‍ പ്രശ്‌നങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി.