Vande Bharat Sleeper Train: വിഐപി ക്വോട്ട ഇല്ല, ഗുണമേന്മയുള്ള ബെഡ്റോൾ; ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുമ്പോള്‍
Vande Bharat Sleeper Train: ഇന്ത്യൻ റെയിൽവേയുടെ പുതിയൊരു നാഴികക്കല്ലായി അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ. കേരളത്തിലേയും മൂന്ന് റൂട്ടുകൾ വന്ദേ ഭാരതിനായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

Vande Bharat Sleeper
ഗതാഗത സൗകര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ഗുവാഹത്തി-ഹൗറ റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ പുതിയൊരു നാഴികക്കല്ലായി അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ. കേരളത്തിലേയും മൂന്ന് റൂട്ടുകൾ വന്ദേ ഭാരതിനായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ഇതോടെ രാജ്യത്ത് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുമ്പോള്‍ വിഐപി ക്വോട്ടയോ എമർജൻസി ക്വോട്ടയോ ഉണ്ടായിരിക്കില്ലെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പുറമെ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥർക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതിയും ഈ ട്രെയിനിൽ ഉണ്ടാകില്ല. മറ്റ് ട്രെയിനിലെ പോലെ RAC, വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് സംവിധാനം ഇതിൽ ഉണ്ടായിരിക്കില്ല. കൺഫേം ടിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ.
രാജ്യത്തെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ബെഡ്റോൾ ആയിരിക്കും യാത്രക്കാർക്ക് ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, ട്രെയിനിന്റെ നിരക്കുകൾ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് തേഡ് എസിക്ക് 960 രൂപയാണ് നിരക്ക്. പിന്നീട് ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിലായിരിക്കും കൂടുക. സെക്കന്റ് എസിക്ക് 1240 രൂപയാണ് മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഇതിൽ 3.10 രൂപ വീതമായിരിക്കും കൂടുക. ഫസ്റ്റ് എസിക്ക് മിനിമം ചാർജ് 1520 രൂപയാണ്. മിനിമം നിരക്കിൽ അനുവദിച്ചിട്ടുള്ള കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററും 3.80 രൂപ വീതമായിരിക്കും കൂടുക. ഈ നിരക്കിന് പുറമെയായിരിക്കും ജിഎസ്ടി.
Also Read:ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും
കേരളത്തിൽ മൂന്ന് പ്രധാന റൂട്ടുകളിലേക്കാണ് വന്ദേ സ്ലീപ്പർ പരിഗണിക്കുന്നത്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണിവ. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്കാണ് മുൻഗണന. നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം തിരുവനന്തപുരം-മംഗളൂരു റൂട്ടിന് അനുകൂലഘടകമാണ്.