Amrit Bharat II vs Vande Bharat Sleeper: അക്കാര്യത്തില്‍ വന്ദേ ഭാരത് സ്ലീപ്പറും, അമൃത് ഭാരതും ഒരേ തൂവല്‍പ്പക്ഷികള്‍; മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ
Guidelines for Amrit Bharat II Express Tickets: അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ്ഡ് ടിക്കറ്റുകൾക്ക് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസുകൾക്ക് ബാധകമായ അതേ നിയമങ്ങൾ തന്നെയായിരിക്കുമെന്ന് റെയിൽവേ. അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനുകൾക്കായി പ്രത്യേക റിസർവ്ഡ് ടിക്കറ്റ് പോളിസി ഉണ്ടാകില്ല.

Vande Bharat Sleeper
ന്യൂഡല്‍ഹി: അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ്ഡ് ടിക്കറ്റുകൾക്ക് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസുകൾക്ക് ബാധകമായ അതേ നിയമങ്ങൾ തന്നെയായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം. അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനുകൾക്കായി പ്രത്യേക റിസർവ്ഡ് ടിക്കറ്റ് പോളിസി ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് റെയില്‍വേയുടെ ഈ വിശദീകരണം. അമൃത് ഭാരത് II എക്സ്പ്രസിന്റെ റിസർവ്ഡ് ടിക്കറ്റുകൾ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ റിസർവ്ഡ് ടിക്കറ്റിന് ബാധകമായ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് ജനുവരി 19 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് റെയില്‍വേ വ്യക്തമാക്കിയത്.
2026 ജനുവരി മുതൽ റെയിൽവേ ശൃംഖലയിൽ അവതരിപ്പിക്കുന്ന ട്രെയിനുകളാണ് അമൃത് ഭാരത് II എക്സ്പ്രസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ അന്തർ സംസ്ഥാന യാത്ര വാഗ്ദാനം ചെയ്യുന്ന പുതുതലമുറ ട്രെയിൻ സർവീസാണ് ഇത്.
പുതിയ നിരക്ക് ഘടന പ്രകാരം, സ്ലീപ്പർ ക്ലാസിന് 200 കിലോമീറ്ററും സെക്കൻഡ് ക്ലാസിന് 50 കിലോമീറ്ററുമാണ് ഏറ്റവും കുറഞ്ഞ ചാർജ് ഈടാക്കാവുന്ന ദൂരമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ അടിസ്ഥാന നിരക്കിൽ മാറ്റമില്ല. 2026 ജനുവരിക്ക് മുമ്പ് അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസിന്റേതിന് സമാനമായിരിക്കും നിരക്ക്.
സ്ലീപ്പർ ക്ലാസിന് 200 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 149 രൂപയും, സെക്കൻഡ് ക്ലാസിന് 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 36 രൂപയുമാണ് അമൃത് ഭാരത് എക്സ്പ്രസിന്റെ അടിസ്ഥാന നിരക്ക്. റിസർവേഷൻ ചാർജ്, സൂപ്പർഫാസ്റ്റ് സർചാർജ് തുടങ്ങിയ മറ്റ് ചാർജുകൾ പ്രത്യേകം ഈടാക്കുമെന്ന് ജനുവരി 15 ന് പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാര്‍ക്ക് അയച്ച കത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി.
ടിക്കറ്റിംഗ് നിയമങ്ങളിലും റെയിൽവേ ബോർഡ് പരിഷ്‌കരണം വരുത്തി. സ്ലീപ്പർ ക്ലാസിൽ ഇനി മുതൽ ആർഎസി സൗകര്യം ലഭ്യമാകില്ല. എന്നാല്‍ അൺറിസർവ്ഡ് സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം തുടർന്നും നൽകും.
ലേഡീസ് ക്വാട്ട, ഭിന്നശേഷിക്കാർക്കുള്ള ക്വാട്ട, മുതിർന്ന പൗരന്മാർക്കുള്ള ക്വാട്ട എന്നീ മൂന്ന് ക്വാട്ടകള്‍ മാത്രമേ അമൃത് ഭാരത് II എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പർ ക്ലാസിൽ ഉണ്ടാകൂ. മറ്റ് റിസർവേഷൻ ക്വാട്ട ബാധകമല്ല.