Bullet Train: അമ്പോ! വരുന്നത് ചെറുതൊന്നുമല്ല; മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനായി ഇതുവരെ ചെലവഴിച്ചത് ഇത്രയോ
Mumbai–Ahmedabad Bullet Train Cost: ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ അതിവേഗ റെയിൽ പാതയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 -ഓടെ പൂർത്തിയാകാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
മുംബൈ: രാജ്യത്തിൻ്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ചിലവിൽ എത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ അതിവേഗ റെയിൽ പാതയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 -ഓടെ പൂർത്തിയാകാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
പദ്ധതിയുടെ നിർമ്മാണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ 55 ശതമാനം ജോലികൾ പൂർത്തിയായി. ഇതുവരെ 84,200 കോടി രൂപയോളം പദ്ധതിക്കായി ചെലവഴിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1.98 ലക്ഷം കോടി രൂപയാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സതീഷ് കുമാർ പറഞ്ഞു. ആദ്യം 1.08 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
Also Read:കേരളത്തിന്റെ സിൽവർ ലൈന്, ബുള്ളറ്റ് ട്രെയിനുമായി എന്തുബന്ധം?
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നിർമ്മാണ കാലതാമസം നേരിട്ടതിനാലാണ് നിർമ്മാണച്ചെലവ് വർദ്ധിച്ചതെന്നാണ് സതീഷ് കുമാർ പറഞ്ഞത്. 2017 ൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. 2023 ഡിസംബറിൽ മുഴുവൻ പദ്ധതിയും പൂർത്തിയാകേണ്ടതായിരുന്നു.
അതേസമയം 2027 ഓഗസ്റ്റിൽ സൂറത്തിനും വാപിക്കും ഇടയിൽ 100 കിലോമീറ്റർ ദൂരത്തിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും. 2029 ഡിസംബറോടെ മുഴുവൻ പാതയും പ്രവർത്തനസജ്ജമാകും. ഇതോടെ മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂർ 58 മിനിറ്റായി കുറയും. നിലവിൽ ഈ ദൂരം താണ്ടാൻ ഏകദേശം 6 മണിക്കൂറിലധികം എടുക്കും. ഇന്ത്യയുടെ അഭിമാന പദ്ധതിയായി മാറാൻ ഒരുങ്ങുകയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിന് നാല് സ്റ്റോപ്പുകളാണുള്ളത്.