Bengaluru New Year 2026: മലയാളികളെ ബെംഗളൂരുവില്‍ ഇവര്‍ സ്‌ട്രോങാണ്; നിങ്ങള്‍ അറിയേണ്ടതെല്ലാം
Namma Metro New Year Eve Service: ഡിസംബര്‍ 31 രാത്രി 11 മണി മുതല്‍ പിറ്റേദിവസം രാവിലെ 6 മണി വരെ നഗരത്തിലെ 50 ഫ്‌ളൈഓവറുകളിലേക്കും (എയര്‍പോര്‍ട്ട് ഫ്‌ളൈഓവര്‍ പട്ടികയില്‍ ഇല്ല) ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ കെങ്കേമമാണ്. എന്നാല്‍ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പോലീസ്. തിരക്ക് നിയന്ത്രിക്കുന്നതിനായി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട്, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ ഗതാഗതം പോലീസ് നിയന്ത്രിച്ചു.
ഡിസംബര്‍ 31 ബുധനാഴ്ച രാത്രി 8 മണി മുതല്‍ ജനുവരി 1 വ്യാഴാഴ്ച പുലര്‍ച്ചെ 2 മണി വരെ നഗരത്തിലെ ചില പ്രധാന റോഡുകളില്‍ സ്വകാര്യ വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല. അപകടങ്ങളും, സ്റ്റണ്ട് റൈഡിങും തടയുന്നതിനായി ഡിസംബര്‍ 31 രാത്രി 11 മണി മുതല്‍ പിറ്റേദിവസം രാവിലെ 6 മണി വരെ നഗരത്തിലെ 50 ഫ്‌ളൈഓവറുകളിലേക്കും (എയര്‍പോര്‍ട്ട് ഫ്‌ളൈഓവര്‍ പട്ടികയില്‍ ഇല്ല) ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
നഗരത്തില്‍ 10 ഡ്രോണുകള്‍, 249 കോബ്ര പട്രോളിങ് വാഹനങ്ങള്‍, 400 ട്രോഫിക് വാര്‍ഡന്മാര്‍ എന്നിവരെയെല്ലാം വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെയുള്ള ക്രമീകരണങ്ങള്‍ ചുവടെ.
- നാല് സെന്‍ട്രല്‍ റൂമുകളും 78 വാച്ച് ടവറുകളും പ്രവര്‍ത്തനക്ഷമമാണ്
- 164 വനിത ഹെല്‍പ് ലൈനുകള്‍
- നഗരത്തിന്റെ വിവിധ മേഖലകളില്‍ 55 ആംബുലന്‍സുകള്‍ വിന്യസിച്ചു
- സ്ത്രീകള്‍ക്കായി വനിത ക്യാബ്, ഓട്ടോ എന്നിവയുണ്ടാകും
- ക്രമീകരിച്ച ബിഎംടിസി, നമ്മ മെട്രോ സേവനങ്ങള്‍
- മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കും
- ഹോട്ടലുകള്‍, ലോഡ്ജുകള്‍, പബ്ബുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും
ഗതാഗത നിയന്ത്രണം ഇപ്രകാരം
ഡിസംബര്‍ 31 രാത്രി എട്ട് മുതല്‍ ജനുവരി 1 പുലര്‍ച്ചെ 2 വരെ, എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, റെസ്റ്റ് ഹൗസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളില്‍ എല്ലാ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു.
ഡിസംബര്‍ 31 വൈകീട്ട് 4 മുതല്‍ ഈ റോഡുകളില്‍ പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നു.
ബ്രിഗേഡ് റോഡിലൂടെയുള്ള കാല്‍നടയാത്രക്കാര്‍ എംജി റോഡില്‍ നിന്ന് ഓപ്പറ ജങ്ഷന്‍ ഭാഗത്തേക്ക് മാത്രം നടക്കും. എതിര്‍ ദിശയില്‍ നടക്കുന്നത് നിരോധിച്ചു.
ശിവാജി നഗര്‍ ബിഎംടിസി കോംപ്ലക്‌സ്, യുബി സിറ്റി, ഗരുഡ മാള്‍, കാമരാജ് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
വൈ ഡി മാത്ത് റോഡില്‍ മൈക്രോലാന്‍ഡ് ജങ്ഷന്‍ വരെയും കെഎന്‍സി റോഡ് 17ാം എച്ച് മെയില്‍ തുടങ്ങിയ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം.
Also Read: Namma Metro: ബെംഗളൂരു മെട്രോ കളറാകും; വരുന്നത് 21 ട്രെയിനുകള്‍, അതും ഈ സ്ഥലങ്ങളിലേക്ക്
അഡുഗോഡിയില്‍ നിന്ന് സോണി വേള്‍ഡ് ജങ്ഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ മഡിവാള ചെക്ക്‌പോസ്റ്റ്, വാട്ടര്‍ ടാങ്ക് ജങ്ഷന്‍ എന്നിവ വഴി പോകണം.
മുനിറെഡ്ഡി കല്യാണ മണ്ഡപത്തിന് എതിര്‍വശത്തുള്ള ബിബിഎംപി ഗ്രൗണ്ടിലും ബെഥനി സ്‌കൂളിന് സമീപവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
ഓള്‍ഡ് മദ്രാസ് റോഡ് മുതല്‍ ഡോംലൂര്‍ ഫ്‌ളൈഓവര്‍ വരെ പാര്‍ക്കിങ് നിരോധിച്ചു. 12ാം മെയില്‍ റോഡിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഗ്രാഫൈറ്റ് ഇന്ത്യ ജങ്ഷന് സമീപമുള്ള ഐടിപിഎല്‍ മെയില്‍ റോഡിനും നിയന്ത്രണങ്ങളുണ്ട്.
നമ്മ മെട്രോ
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ യാത്ര സുഗമമാക്കാന്‍ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളിലെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ ജനുവരി 1 പുലര്‍ച്ചെ 2.45 വരെ ട്രെയിനുകള്‍ ഉണ്ടായിരിക്കുന്നതാണ്.