Dalit Men Assault: പശുക്കടത്ത് ആരോപണം; രണ്ട് ദളിരെ മുട്ടിൽ ഇഴയിച്ച്, പുല്ല് തീറ്റിച്ച് ജനക്കൂട്ടം
Dalit Men Forced To Crawl In Knees And Eat Grass: പശുക്കടത്ത് ആരോപിച്ച് ദളിതരെ മുട്ടിൽ ഇഴയിച്ച്, പുല്ല് തീറ്റിച്ച് ജനക്കൂട്ടം. സംഭവത്തിൽ ആറ് പേർ പിടിയിലായി.

പ്രതീകാത്മക ചിത്രം
പശുക്കടത്ത് ആരോപിച്ച് ദളിതൾക്കെതിരെ ക്രൂര പീഡനം. രണ്ട് ദളിത് യുവാക്കളെ ജനക്കൂട്ടം മുട്ടിൽ ഇഴയിച്ച് പുല്ല് തീറ്റിക്കുകയും ഓവുചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത ഉറപ്പിക്കാൻ കഴിയില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് ആറ് പേരെ പിടികൂടി.
ഈ മാസം 22ന് ഒഡീഷയിലെ ഗഞ്ജം ജില്ലയിൽ ഖരിഗുമ്മ വില്ലേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിംഗിപൂർ സ്വദേശികളായ ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കെതിരെയായിരുന്നു ജനക്കൂട്ടത്തിൻ്റെ പീഡനം. ഹരിയോറിൽ നിന്ന് തങ്ങളുടെ ഗ്രാമത്തിലേക്ക് രണ്ട് പശുക്കളെയും ഒരു കന്നിനെയും കൊണ്ടുപോവുകയായിരുന്നു ഇവർ. ഇതിനിടെ സ്വയം പ്രഖ്യാപിത കൗ സംരക്ഷർ എന്നവകാശപ്പെടുന്ന ഒരു സംഘം ഖരിഗുമ്മയിൽ വച്ച് ഇവരെ പിടികൂടി. പശുക്കടത്ത് ആരോപിച്ച സംഘം ഇവരിൽ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാൻ ഇവർ തയ്യാറായില്ല. തുടർന്നാണ് സംഘം ഇവരെ പീഡിപ്പിച്ചത്.
ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം സംഘം പോലീസിൽ പരാതിനൽകി. ബാബുലയുടെ മകളുടെ വിവാഹത്തിനുള്ള പരമ്പരാഗത സമ്മാനമായിരുന്നു കന്നുകാലികളെന്ന് ഇവർ പറഞ്ഞു. ധരകോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഇവർ ചികിത്സ തേടിയിരുന്നു. സലൂണിലേക്ക് കൊണ്ടുപോയി സംഘം ഇവരുടെ തല പാതിവടിച്ചു എന്ന് പോലീസ് പറയുന്നു. ഒരു കിലോമീറ്ററിലധികം ദൂരം അവർക്ക് മുട്ടിൽ ഇഴയേണ്ടിവന്നു. സംഭവത്തിൽ ആറ് പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പശു സംരക്ഷണമല്ല, കൊള്ളയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് തെളിഞ്ഞിട്ടുണ്ട്.