Vande Bharat Sleeper Train: കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല; വന്ദേ ഭാരത് സ്ലീപ്പറില്‍ യാത്ര കുശാൽ
Vande Bharat Sleeper Foods Included in Your Fare: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഭക്ഷണ സേവനം ടിക്കറ്റ് നിരക്കിന്റെ ഭാഗമായിത്തന്നെ ലഭിക്കും.
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി രണ്ടേ രണ്ട് ദിവസം മാത്രം ബാക്കി. ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിരവധി സവിശേഷതകള്‍ ഇതിനകം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റെയില്‍വേ.
കാറ്ററിങ് സര്‍വീസ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സേവനങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഭക്ഷണ സേവനം ടിക്കറ്റ് നിരക്കിന്റെ ഭാഗമായിത്തന്നെ ലഭിക്കുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കാറ്ററിംഗ് സേവനങ്ങൾ നൽകുന്നതിന്, അതത് സോണൽ റെയിൽവേ ടിക്കറ്റ് നിരക്കിൽ നിന്ന് നിശ്ചിത തുക ഐആർസിടിസിക്ക് കൈമാറുമെന്ന് ജനുവരി 14 ന് എല്ലാ സോണൽ റെയിൽവേകളുടെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്ക് അയച്ച കത്തിൽ റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. ഒരു യാത്രക്കാരന് കിലോമീറ്ററിന് 0.40 രൂപ (ജിഎസ്ടി ഒഴികെ) എന്ന നിരക്കിലാകും റെയിൽവേ സോണുകൾ ഐആർസിടിസിക്ക് തുക നൽകുക.




കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല. എല്ലാ യാത്രക്കാർക്കും ഒരു ലിറ്റർ ‘റെയിൽ നീർ’ കുടിവെള്ള കുപ്പിയും ദിനപത്രവും ഐആർസിടിസി നൽകുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. യാത്രാ ദൈര്‍ഘ്യം കണക്കിലെടുത്ത് പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, അത്താഴം എന്നിവ ഐആർസിടിസി നിശ്ചയിക്കും. ഭക്ഷണ ക്രമവും മെനുവും ഐആർസിടിസി തയ്യാറാക്കി യാത്രക്കാരെ മുൻകൂട്ടി അറിയിക്കും.
വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിലെ യാത്രക്കാർക്ക് നൽകുന്ന കാറ്ററിംഗ് സേവനങ്ങളുടെ വിശദാംശങ്ങൾ ഐആർസിടിസി അറിയിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. കിഴക്കൻ ഇന്ത്യയെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.