Voters List: വോട്ടര്‍പട്ടിക തീവ്രപരിശോധന അംഗീകരിക്കില്ല; ഡിഎംകെ നേതാവ്
Tamil Nadu Voters List Issue: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തിരുത്തുന്നതിനുള്ള ഒറ്റമൂലിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ബിഹാറിലുമെല്ലാം പരിശോധന നടത്തുന്നതിന് തങ്ങള്‍ എതിരാണെന്ന് തിരുച്ചിശിവ പറഞ്ഞു.

തിരുച്ചിശിവ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ തീവ്രപരിശോധനയെ അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ നേതാവ് തിരുച്ചിശിവ. ബിഹാറിലേത് പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും വോട്ടര്‍പട്ടിക പരിശോധിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധം തുടരാനാണ് തീരുമാനം.
തമിഴ്‌നാട്ടില്‍ തീവ്രപരിശോധന നടത്തുന്നത് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാവും എംപിയുമായ തിരുച്ചിശിവ മീഡിയവണിനോട് വ്യക്തമാക്കി. ബിഹാറിന് ശേഷം ബംഗാളിലും തമിഴ്‌നാട്ടിലും വോട്ടര്‍പട്ടികയില്‍ തീവ്രപരിശോധന നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തിരുത്തുന്നതിനുള്ള ഒറ്റമൂലിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ബിഹാറിലുമെല്ലാം പരിശോധന നടത്തുന്നതിന് തങ്ങള്‍ എതിരാണെന്ന് തിരുച്ചിശിവ പറഞ്ഞു.
അതേസമയം, വോട്ട് കൊള്ള ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി മാപ്പ് പറയുകയോ സത്യവാങ്മൂലം നല്‍കുകയോ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതൊരിക്കലും ചെയ്യേണ്ട കാര്യമില്ലെന്ന് ഇന്‍ഡ്യ സഖ്യം തീരുമാനിച്ചു.
കൂടാതെ ഉത്തര്‍പ്രദേശില്‍ 2022 ല്‍ നടന്ന തെരഞ്ഞെടുപ്പ് സമയത്ത് 22,000 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നു. ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.
അതേസമയം, വോട്ട് മോഷണത്തിനെതിരായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്ര മൂന്നാം ദിവസത്തിലേക്ക് കടന്നു. ബിഹാറില്‍ വന്‍ ജനപിന്തുണയോടെയാണ് രാഹുലിന്റെ പ്രയാണം. ഇന്ന് വസീര്‍ഗഞ്ചിലെ പുനാവയില്‍ നിന്നാണ് രാഹുല്‍ യാത്ര ആരംഭിക്കുന്നത്.