Bengaluru Murder: ഭാര്യയുടെ തലവെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് അറസ്റ്റില്‍
Husband Kills Wife In Bengaluru: രക്തത്തില്‍ കുളിച്ച നിലയില്‍ സ്‌കൂട്ടറോടിച്ച് പോകുന്ന യുവാവിനെ ആദ്യം കണ്ടത് ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ്. ശേഷം ഇയാളെ പിന്തുടര്‍ന്ന് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ വെച്ച് യാത്ര ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്തെ ഹൈവേയിലാണ് സംഭവം. ബെംഗളൂരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം (ജൂണ്‍ 6) രാത്രി 11.30 ഓടെയാണ് സംഭവം.
രക്തത്തില്‍ കുളിച്ച നിലയില്‍ സ്‌കൂട്ടറോടിച്ച് പോകുന്ന യുവാവിനെ ആദ്യം കണ്ടത് ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ്. ശേഷം ഇയാളെ പിന്തുടര്‍ന്ന് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡിലായിരുന്നു ഭാര്യയുടെ വെട്ടിയെടുത്ത തല ഇയാള്‍ വെച്ചിരുന്നത്. ആരുടെ തലയാണിതെന്ന് പോലീസ് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയുടേതാണെന്നും താന്‍ അവരെ കൊലപ്പെടുത്തിയെന്നും പ്രതി യാതൊരു ഭാവവ്യത്യാസവുമില്ലാതെ പോലീസിനോട് പറഞ്ഞെന്നാണ് വിവരം.
ഹെബ്ബഗൊഡിക്ക് സമീപമുള്ള ഹീലാലിഗെ എന്ന ഗ്രാമത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. 26 വയസുകാരിയായ മാനസയാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ശങ്കര്‍ മാനസയെ വെട്ടുകയായിരുന്നു. മാനസയുടെ തല വെട്ടിയെടുത്ത ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് പോകുംവഴിയാണ് ഹൈവേ പോലീസിന്റെ മുന്നില്‍ പെട്ടതെന്നാണ് വിവരം.
ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള കുഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് താന്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് അവരോട് വീട്ടില്‍ പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ശങ്കര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ കുഞ്ഞിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് മാനസ തിരികെ വരികയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
Also Read: 17-year-old Girl Found Dead: കനാലിൽ തലയറുത്ത നിലയിൽ 17കാരിയുടെ മൃതദേഹം; അമ്മയും സഹോദരനും അറസ്റ്റിൽ
കുഞ്ഞിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ മഴു ഉപയോഗിച്ച് ശങ്കര്‍ മാനസയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.