India Pakistan Conflict: വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ സൈബർ ആക്രമണം; എക്സ് അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി
Vikram Misri Locks X Account After Cyber Attack: സൈബർ ആക്രമണത്തിന് പിന്നാലെ തൻ്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്ത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വെടിനിർത്തൽ ധാരണ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണമുണ്ടായത്.

വിക്രം മിസ്രി
പാകിസ്താനെതിരെ വെടിനിർത്തൽ ധാരണ ആയതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്ക് നേരെ സൈബർ ആക്രമണം. വെടിനിർത്തൽ ധാരണ ശരിയായില്ലെന്നും യുദ്ധം തുടരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ചിലർ വിക്രം മിസ്രിയ്ക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം കടുപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈന്യത്തിൻ്റെ വക്താവായി രാജ്യത്തെ അറിയിച്ചത് വിക്രം മിസ്രി ആയിരുന്നു. കടുത്ത സൈബർ ആക്രമണം ഉയർന്നതോടെ അദ്ദേഹം തൻ്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.
വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണങ്ങളെ എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു. കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ്, മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് എന്നിവരും വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തുവന്നു.
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി പൊതുജനങ്ങളെ അറിയിച്ചിരുന്നത് വിക്രം മിസ്രി ആയിരുന്നു. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരോടൊപ്പമാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയിരുന്നു. പാകിസ്താനുമായി വെടിനിർത്തൽ ധാരണയായ കാര്യവും ഇവർ തന്നെയാണ് അറിയിച്ചത്. ഇതോടെ ചിലർ വിക്രം മിസ്രിക്കെതിരെ സൈബർ ആക്രമണവുമായി രംഗത്തുവന്നു. യുദ്ധം തുടരണമെന്ന ആവശ്യത്തിലൂന്നിയായിരുന്നു ആക്രമണം. വിക്രം മിസ്രിയെ വഞ്ചകനെന്നും ഒറ്റുകാരനെന്നും അധിക്ഷേപിച്ച ഇവർ രാജ്യത്തെ ശത്രുക്കൾക്ക് വിറ്റു എന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് അദ്ദേഹം തൻ്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തത്.
ഓപ്പറേഷൻ സിന്ദൂറിൽ 9ലധികം ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു എന്ന് സൈന്യം അറിയിച്ചു. സൈനിക നടപടിയിൽ നൂറിലധികം ഭീകരരെ വധിച്ചു. പുൽവാമയിൽ ആക്രമണം നടത്തുയവരെയും കാണ്ഡഹാർ വിമാനറാഞ്ചലിൽ ഉൾപ്പെട്ടവരെയും ഓപ്പറേഷൻ സിന്ദൂറിൽ വധിക്കാനായി. നിരവധി തീവ്രവാദികൾക്ക് പരിശീലനം നൽകിയ മുരിദ്കെയിലെ കേന്ദ്രം തകർക്കാൻ കഴിഞ്ഞു. ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടില്ല. പാകിസ്താൻ തിരികെ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രങ്ങളിലാണ്. പല ആക്രമണങ്ങളെയും ചെറുത്ത് തോല്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്നും സൈന്യം പറഞ്ഞു.