Selmapali Village: ഇങ്ങനെയുമുണ്ട് ഇന്ത്യയില്‍ ഒരു നാട്, 60ന് മുകളില്‍ ആരും ജീവിച്ചിരിക്കില്ല?
Odisha Selmapali Village Issue: ഗ്രാമവാസികൾ കുഴൽക്കിണറുകളെ മാത്രമാണ് ആശ്രയിക്കുന്നത്. ഈ വെള്ളം മലിനമായിരിക്കാമെന്നാണ് സംശയം. രോഗകാരണവും ഇതാകാമെന്ന് കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജല അതോറിറ്റി കുടിവെള്ളം പരിശോധിച്ചതെന്ന് ഗ്രാമവാസികള്‍

പ്രതീകാത്മക ചിത്രം
വൃദ്ധരില്ലാത്ത ഒരു നാട്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? പറഞ്ഞുവരുന്നത് അമര്‍ച്ചിത്രകഥയെക്കുറിച്ചല്ല. ഇന്ത്യയിലെ ഒരു ഗ്രാമത്തെക്കുറിച്ചാണ്. ഒഡീഷയിലെ ബലാന്‍ഗീര്‍ ജില്ലയിലെ സെല്‍മാപാലി ഗ്രാമത്തിലാണ് വൃദ്ധര്‍ വാഴാത്തത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഗ്രാമത്തില്‍ അറുപത് വയസിന് മുകളില്‍ ആരുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആരോഗ്യപ്രശ്‌നങ്ങളാണ് ഒരു ശാപം പോലെ ഈ ഗ്രാമത്തെ വലയ്ക്കുന്നത്. പത്ത് വര്‍ഷത്തിനിടെ നൂറിലധികം പേരാണ് ഇവിടെ അകാലത്തില്‍ വിട പറഞ്ഞത്.
വൃക്ക രോഗമായിരുന്നു പല മരണങ്ങളുടെയും കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മരണങ്ങളാണ് ഇവിടെ ഉണ്ടായത്. മുന്നൂറോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. എല്ലാ കുടുംബത്തിലും കുറഞ്ഞത് ഒരു വൃക്ക രോഗിയെങ്കിലുമുണ്ട്. ഇതില്‍ അഞ്ച് പേര്‍ കിടപ്പിലാണ്.
ശരിയായ ചികിത്സ ലഭിക്കാത്തത് രോഗനിര്‍ണയം വൈകുന്നതിന് കാരണമാകുന്നുവെന്നാണ് ആരോപണം. ചികിത്സിക്കാന്‍ പോലും നിവൃത്തിയില്ലാത്തവരാണ് പല കുടുംബങ്ങളും. പല വീടുകളിലും കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്നവരാണ് കിടപ്പിലായത്. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നാണ് പലര്‍ക്കും ആശ്രയം. എന്നാല്‍ ആശുപത്രിയിലേക്കുള്ള ദൂരം പലര്‍ക്കും പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ട്.
Read Also: Dharmasthala: ധര്‍മസ്ഥലയില്‍ വെച്ച് പിതാവും മരണപ്പെട്ടു; അന്വേഷിക്കണമെന്ന് മലയാളി യുവാവ്
ആരോഗ്യത്തോടെയിരുന്നവര്‍ വരെ അപ്രതീക്ഷിതമായി മരിച്ചു. കാരണമെന്തെന്ന് കുടുംബാംഗങ്ങള്‍ക്കും അറിയില്ല. എന്താണ് ഈ ഗ്രാമത്തില്‍ സംഭവിക്കുന്നതെന്നതും അജ്ഞാതമാണ്. മെഡിക്കൽ സംഘങ്ങൾ നിരവധി തവണ ഗ്രാമം സന്ദർശിച്ച് രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലമെന്താണെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
കുടിവെള്ളത്തിനായി ഗ്രാമവാസികൾ കുഴൽക്കിണറുകളെ മാത്രമാണ് ആശ്രയിക്കുന്നത്. ഈ വെള്ളം മലിനമായിരിക്കാമെന്നാണ് സംശയം. രോഗകാരണവും ഇതാകാമെന്ന് കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജല അതോറിറ്റി കുടിവെള്ളം പരിശോധിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. സമീപത്ത് ആശുപത്രികളില്ലെന്നതും വെല്ലുവിളിയാണ്. ഈ സാഹചര്യം വ്യാജ വൈദ്യന്‍മാരും മുതലെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.