Namma Metro: മഡവരയില്‍ നിന്ന് തുമകുരുവിലേക്ക് മെട്രോയെത്തി; ബെംഗളൂരു യാത്ര ഇനി അതിവേഗം
Bengaluru Metro Madavara to Tumakuru: ബെംഗളൂരുവില്‍ എത്തിച്ച പ്രോട്ടോടൈപ്പ് ട്രെയിനിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന 21 പ്രോട്ടോടൈപ്പ് മെട്രോ ട്രെയിനുകളില്‍ ഒന്നാണിത്.

ബെംഗളൂരു മെട്രോ
ബെംഗളൂരു: മഡവരയ്ക്കും തുമകുരുവിനും ഇടയിലുള്ള മെട്രോ പാത ഉടന്‍ യാഥാര്‍ഥ്യമാകും. 69.60 കിലോമീറ്റര്‍ മെട്രോ ലൈനിനായുള്ള പദ്ധതി റിപ്പോര്‍ട്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) തയാറാക്കാന്‍ തുടങ്ങി. ഗ്രീന്‍ ലൈനിന്റെ വടക്കുഭാഗത്തുള്ള ടെര്‍മിനലായ മഡവരയില്‍ നിന്നാണ് റെയില്‍ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. ബെംഗളൂരുവിന് പുറത്തേക്ക് മെട്രോ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
മഡവര മുതല്‍ തുമകുരു വരെ 25 സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. 20,649 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റുകള്‍ക്ക് ബിഎംആര്‍സിഎല്‍ കരാര്‍ നല്‍കി. 1.2 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്.
അതേസമയം, ബെംഗളൂരുവില്‍ എത്തിച്ച പ്രോട്ടോടൈപ്പ് ട്രെയിനിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന 21 പ്രോട്ടോടൈപ്പ് മെട്രോ ട്രെയിനുകളില്‍ ഒന്നാണിത്. 2025 ജനുവരിയിലാണ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിയത്. തുടക്കത്തില്‍ ഈ ട്രെയിന്‍ പര്‍പ്പിള്‍ ലൈനില്‍ വിന്യസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Also Read: Namma Metro: ബെംഗളൂരുവിന്റെ തലവര മാറുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ ഉടന്‍ തുറക്കും
റിസര്‍ച്ച് ഡിസൈന്‍ഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നമ്മ മെട്രോ ഗ്രീന്‍ ലൈനില്‍ ജലഹള്ളി, മന്ത്രി സ്‌ക്വയര്‍ സാമ്പിജ് റോഡ് സ്‌റ്റേഷനുകളില്‍ രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെയായിരുന്നു പരീക്ഷണയോട്ടം നടത്തിയിരുന്നത്.
ട്രെയിനിന്റെ എല്ലാ പരിശോധനകളും പൂര്‍ത്തിയായി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍, ചീഫ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍, റെയില്‍വേ ബോര്ഡ് എന്നിവരുടെ അനുമതി ലഭിച്ചാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.