Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹരജികള്‍ വേണ്ട: സുപ്രീം കോടതി
Supreme Court On Pahalgam Terror Attack: പഹല്‍ഗാം ആക്രണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാര്‍ സാഹു, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹരജികള്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പ്രസ്താവന.
പഹല്‍ഗാം ആക്രണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാര്‍ സാഹു, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണം. ഹരജി പിന്‍വലിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഹരജിക്കാര്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കര്‍മ്മ പദ്ധതി വേണമെന്ന ആവശ്യവും ഹരജിയില്‍ ഉണ്ടായിരുന്നു.
അതേസമയം, തെക്കന്‍ കശ്മീരില്‍ ഇപ്പോഴും തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അനന്തനാഗ് മേഖലയില്‍ തെരച്ചില്‍ നടത്താനാണ് നിലവില്‍ സൈന്യത്തിന് നിര്‍ദേശം. 72 മണിക്കൂര്‍ കൂടി തെരച്ചില്‍ നടത്തണമെന്നാണ് സൈന്യത്തിനും ജമ്മു കശ്മീരിലെ പോലീസിനും ലഭിച്ച നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വന മേഖല കേന്ദ്രീകരിച്ചാണ് പരിശോധന.
അതിനിടെ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതിന് പിന്നാലെ പാകിസ്താന്‍ അമേരിക്കയുടെ സഹായം തേടി. അമേരിക്കയോട് വിഷയത്തില്‍ ഇടപെട്ട് സംഘര്‍ഷ സ്ഥിതി പരിഹരിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.