Viral News: കേദാര്‍നാഥിലേക്ക് ആംബുലന്‍സുകള്‍ വാടകയ്‌ക്കെടുത്ത് തീര്‍ത്ഥാടകരുടെ യാത്ര; ഒടുവില്‍ സംഭവിച്ചത്
Pilgrims Hired Ambulances To Kedarnath: ഗൗരികുണ്ഡിൽ ആശുപത്രി ഇല്ലാത്തതിനാലും, മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാലുമാണ് സംശയം തോന്നിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും പൊലീസ്

കേദാര്‍നാഥിലേക്ക് ആംബുലന്‍സുകള്‍ വാടകയ്‌ക്കെടുത്ത് പുറപ്പെട്ട തീര്‍ത്ഥാടകരെയും ഡ്രൈവര്‍മാരെയും പൊലീസ് പിടികൂടി. സോൻപ്രയാഗിൽ പതിവുപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ഗൗരികുണ്ഡിനടുത്തുള്ള ചെക്ക്‌പോസ്റ്റിൽ വച്ചാണ് ആംബുലന്‍സുകള്‍ പിടികൂടിയത്. സൈറണുകൾ മുഴക്കിയും ലൈറ്റുകൾ മിന്നിച്ചുമായിരുന്നു രണ്ട് ആംബുലന്‍സുകളുടെയും വരവ്. ഗൗരികുണ്ഡിൽ ആശുപത്രിയോ ചികിത്സാ സൗകര്യമോ ഇല്ലാത്തതിനാൽ ആംബുലന്‍സുകളുടെ വരവില്‍ പൊലീസുകാര്‍ക്ക് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് ആംബുലന്‍സുകളില്‍ രോഗികളില്ലെന്ന് വ്യക്തമായത്. കേദാർനാഥിലേക്ക് പോകുന്ന ഭക്തരെക്കൊണ്ട് ആംബുലൻസുകൾ നിറഞ്ഞിരുന്നു.
ആംബുലന്‍സുകള്‍ പിടിച്ചെടുത്ത പൊലീസ് ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ വേഗം കേദാര്‍നാഥിലെത്താനാണ് തീര്‍ത്ഥാടകര്‍ ആംബുലന്‍സുകള്‍ വാടകയ്‌ക്കെടുത്തത്. തീർത്ഥാടകർ വേഗത്തിൽ ക്ഷേത്രത്തിലെത്താൻ ആംബുലൻസുകൾ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍മാരായ നിഖിൽ വിൽസൺ, കൃഷ്ണ കുമാർ എന്നിവര്‍ പൊലീസിനോട് പറഞ്ഞു.




കേദാര്‍നാഥിലേക്കുള്ള വഴിയില്‍ നിരവധി ചെക്ക്‌പോസ്റ്റുകള്‍ സംഘം പിന്നിട്ടിരുന്നു. ഗൗരികുണ്ഡിൽ ആശുപത്രി ഇല്ലാത്തതിനാലും, മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാലുമാണ് സംശയം തോന്നിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തീർത്ഥാടകരെ കൊണ്ടുപോകാൻ കൂടുതൽ ആംബുലൻസുകൾ ടാക്സികളായി ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.