Narendra Modi: അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി മോദി; മെയ് 15ന് പ്രധാനമന്ത്രി യുഎഇയില്‍
PM Modi Foreign Tour to Cover Five Nations Including UAE: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഊര്‍ജ മേഖലയിലെ സഹകരണം, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവയില്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള വഴികള്‍ ഇരുനേതാക്കളും തേടും.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ യുഎഇ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 15നാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഊര്‍ജ സഹകരണത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഊര്‍ജ മേഖലയിലെ സഹകരണം, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവയില്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം തന്ത്രപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള വഴികള്‍ ഇരുനേതാക്കളും തേടും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. നിലവില്‍ ഇന്ത്യ യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയും നിക്ഷേപത്തിന്റെ ഏഴാമത്തെ ഏറ്റവും സ്രോതസുമാണ്.
ഏകദേശം 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുന്നതാണ്. മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്‍കിയ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പിക്കും.
പ്രധാനമന്ത്രിയുടെ ലോകപര്യടനം
മെയ് 15 മുതല്‍ 20 വരെ നീളുന്ന അഞ്ച് ദിവസത്തെ ലോകപര്യടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താന്‍ പോകുന്നത്. സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍, അതായത്, മെയ് 15 മുതല്‍ 17 വരെ പ്രധാനമന്ത്രി നെതര്‍ലന്‍ഡ്‌സിലായിരിക്കും. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്ലെം അലക്‌സാണ്ടറിനെയും രാജ്ഞി മാക്‌സിമയെയും കാണുന്ന മോദി പ്രധാനമന്ത്രി റോബ് ജെറ്റനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പ്രതിരോധം, സുരക്ഷ, നവീകരണം, ഗ്രീന്‍ ഹൈഡ്രജന്‍, സെമികണ്ടക്ടറുകള്‍, ജലം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം.
ജെറ്റന്‍ അധികാരത്തിലേറിയതിന് പിന്നാലെ നടത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലുള്ളതാക്കാനും വികസന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്‌സ്. 2024-25 കാലഘട്ടത്തില്‍ ഏകദേശം 27.8 ബില്യണ്‍ ഡോളര്‍ വ്യാപാരമായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. നെതര്‍ലന്‍ഡ്‌സിലെ നാലാമത്തെ വലിയ നിക്ഷേപകനുമാണ് ഇന്ത്യ.
മെയ് 17 മുതല്‍ 18 വരെ പ്രധാനമന്ത്രി സ്വീഡനിലായിരിക്കും. ഉഭയകക്ഷി ബന്ധത്തെ കുറിച്ചും 7.75 ബില്യണ്‍ ഡോളറിന്റെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സണുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. വ്യാപാരത്തിനായി പുതിയ വഴികള്‍ പര്യവേഷണം ചെയ്യാനും ഇരുനേതാക്കളും ശ്രമിക്കുമെന്നാണ് വിവരം.
2000-2025 കാലയളവില്‍ ഇന്ത്യയിലേക്കുള്ള സ്വീഡന്റ് എഫ്ഡിഐ 2.825 ബില്യണ്‍ ഡോളറായിരുന്നു. ഹരിത പരിവര്‍ത്തനം, കൃത്രിമ ബുദ്ധി, സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, പ്രതിരോധ മേഖല തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്.
മെയ് 18 മുതല്‍ 19 വരെ പ്രധാനമന്ത്രി ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ ഭാഗകമാകും. നോര്‍വേയില്‍ വെച്ചാണ് ഇത് നചക്കുന്നത്. മോദിയുടെ ആദ്യ നോര്‍വേ സന്ദര്‍ശനം കൂടിയാണിത്. മാത്രമല്ല, 43 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നോര്‍വേ സന്ദര്‍ശിക്കുന്നത്. രാജാവ് ഹരാള്‍ഡ് അഞ്ചാമനെയും രാജ്ഞി സോഞ്ചനെയും കാണുന്ന മോദി പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോറുമായി ചര്‍ച്ച നടത്തും.
ലോകപര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ അതായത് 19-20 തീയതികളില്‍ പ്രധാനമന്ത്രി ഇറ്റലി സന്ദര്‍ശിക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ചര്‍ച്ച നടത്തും. പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയെയും അദ്ദേഹം കാണുന്നതാണ്.
English Summary
Prime Minister Narendra Modi is preparing for a diplomatic tour covering five countries, including the UAE. Energy cooperation, trade expansion, and strategic partnerships are expected to be key topics during the visit.