Ration Card New Rule: 6 മാസത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് മറന്നേക്കൂ
Ration Card Freezing Rule: റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. മരവിപ്പിച്ചതിന് ശേഷം മൂന്ന് മാസത്തിനകം നേരിട്ട് പരിശോധന നടത്തി കാര്‍ഡ് ഉടമകളുടെ ഇലക്ട്രോണിക് കെ വൈസി നടപടികള്‍ പൂര്‍ത്തിയാക്കണം.
ന്യൂഡല്‍ഹി: രാജ്യത്തെ റേഷന്‍ കാര്‍ഡ് ഉപയോഗ ചട്ടങ്ങളില്‍ ഭേദഗതി. ആറ് മാസത്തിനിടെ റേഷന്‍ വിഹിതം വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് താത്ക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ഭേദഗതി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. മരവിപ്പിച്ചതിന് ശേഷം മൂന്ന് മാസത്തിനകം നേരിട്ട് പരിശോധന നടത്തി കാര്‍ഡ് ഉടമകളുടെ ഇലക്ട്രോണിക് കെ വൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മരവിപ്പിക്കല്‍ ഒഴിവാക്കും.
അതേസമയം, കേരളത്തില്‍ ഓരോ മാസവും 17.65 ലക്ഷത്തോളം പേര്‍ റേഷന്‍ വാങ്ങുന്നില്ലെന്നാണ് വിവരം. ആകെ 95.05 ലക്ഷം കാര്‍ഡ് ഉടകളുള്ള കേരളത്തില്‍ കഴിഞ്ഞ മാസം റേഷന്‍ വിഹിതം കൈപ്പറ്റിയത് 78.33 ലക്ഷം പേര്‍ മാത്രമാണ്. മൂന്ന് മാസത്തോളം റേഷന്‍ വാങ്ങാത്ത മഞ്ഞ, പിങ്ക് കാര്‍ഡുകളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്ന രീതിയാണ് നിലവില്‍ സംസ്ഥാനത്ത് സ്വീകരിച്ച് പോരുന്നത്.




അതിനിടെ, റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥയുണ്ട്. അഞ്ച് വയസ് തികഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളുടെ മസ്റ്ററിങും ചെയ്തിരിക്കണം. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാണെങ്കില്‍ ആ വിവരങ്ങളും നല്‍കേണ്ടതാണ്.
Also Read: Chinese Mega Dam Arunachal: ചൈന നിർമ്മിക്കുന്ന വമ്പൻ അണക്കട്ട് ഇന്ത്യക്ക് ഭീക്ഷണിയാകുന്നത് എങ്ങനെ?
സംസ്ഥാനത്ത് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത് മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് എന്നീ കാര്‍ഡുകളുടെ മസ്റ്ററിങ്ങാണ്. 98.85 ശതമാനം മസ്റ്ററിങും കേരളം പൂര്‍ത്തിയാക്കി.