Reuters X account restored: ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രം, പിന്നാലെ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു
Reuters X account restored in India: 2.5 കോടിയിലേറെ ഫോളോവേഴ്‌സുള്ള റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ശനിയാഴ്ച രാത്രി മുതലാണ് ബ്ലോക്ക് ചെയ്തത്. ലീഗല്‍ ഡിമാന്‍ഡ് മൂലം അക്കൗണ്ട് തടഞ്ഞുവച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍ എന്താണ് നിയമപരമായ ആ പ്രശ്‌നമെന്ന് എക്‌സ് വ്യക്തമാക്കിയിരുന്നില്ല
ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു. നിയമവിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നത്. അക്കൗണ്ട് തടയുന്നില്ലെന്ന് വ്യക്തമാക്കി എക്‌സ് റോയിട്ടേഴ്‌സിന് മെയില്‍ അയച്ചിരുന്നു. അക്കൗണ്ട് താല്‍ക്കാലികമായി തടഞ്ഞതിന്റെ കാരണം എക്‌സ് വിശദീകരിച്ചിട്ടില്ല. അക്കൗണ്ട് തടഞ്ഞതിന് പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടലുകളാണെന്ന ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിയിരുന്നു. അക്കൗണ്ട് തടയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാൻ എക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. ബ്ലോക്ക് ചെയ്ത കാരണം വ്യക്തമല്ലെങ്കിലും ഏതെങ്കിലും പഴയ പരാതിയില്‍ എക്‌സ് വൈകി നടപടി സ്വീകരിച്ചതാകാമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് റോയിട്ടേഴ്‌സിന്റേത് ഉൾപ്പെടെ നൂറുകണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റ് അക്കൗണ്ടുകള്‍ നടപടി നേരിട്ടപ്പോഴും, റോയിട്ടേഴ്‌സിന്റെ ഹാന്‍ഡില്‍ അന്ന് ബ്ലോക്ക് ചെയ്തിരുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.




Read Also: Elon Musk New Party: ട്രംപിനോട് ഇനി രാഷ്ട്രീയ യുദ്ധം; ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപിച്ച് മസ്‌ക്
അന്നത്തെ നിര്‍ദ്ദേശത്തില്‍ ഇന്ന് നടപടി സ്വീകരിച്ചതാകാം ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണമെന്നാണ് സൂചന. എന്നാല്‍ വിഷയം ഇപ്പോള്‍ പ്രസക്തമല്ലാത്തതിനാല്‍ നടപടി വിശദീകരിക്കാനും, ബ്ലോക്ക് ചെയ്തത് പിന്‍വലിക്കാനും എക്‌സിനോട് കേന്ദ്രം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വിഷയം പരിഹരിക്കുന്നതിനും ഇന്ത്യയിൽ റോയിട്ടേഴ്‌സ് അക്കൗണ്ട് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ശ്രമിക്കുകയാണെന്ന് റോയിട്ടേഴ്‌സ് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2.5 കോടിയിലേറെ ഫോളോവേഴ്‌സുള്ള റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ശനിയാഴ്ച രാത്രി മുതലാണ് ബ്ലോക്ക് ചെയ്തത്. ലീഗല്‍ ഡിമാന്‍ഡ് മൂലം അക്കൗണ്ട് തടഞ്ഞുവച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍ എന്താണ് നിയമപരമായ ആ പ്രശ്‌നമെന്ന് എക്‌സ് വ്യക്തമാക്കിയിരുന്നില്ല.