3 പോലീസുകാരെയടക്കം 8 പേരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി; 35 കാരർ എസ്.ടി.എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Cop Killer Eliminated: STF Shoots Dead Criminal Wanted in 8 Murder Cases: പ്രതിയെ പിടികൂടുന്നതിനായി വാരണാസി പോലീസ് കമ്മീഷണർ ഒരു ലക്ഷം രൂപയും ചന്ദൗലി എസ്.പി 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സഹോദരന്മാരായ മനീഷ് സിംഗ്, രജനീഷ് സിംഗ് എന്നിവർ നാല് വർഷം മുൻപ് മറ്റൊരു പോലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

പ്രതീകാത്മക ചിത്രം
മീററ്റ്: മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതടക്കം ഏഴോളം കൊലപാതക കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ബിഹാർ സ്വദേശി ലല്ലൻ സിംഗ് ഉത്തർപ്രദേശ് പോലീസിൻ്റെ പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയോടെ സഹാരൻപൂർ ജില്ലയിലെ സർസാവ-നക്കൂർ റോഡിന് സമീപമാണ് വെടിവെപ്പുണ്ടായത്. ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ ലല്ലൻ സിംഗിനെതിരെ യുപിയിലും ബിഹാറിലുമായി 13 ക്രിമിനൽ കേസുകളുണ്ട്. 2022-ൽ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ അന്നുമുതൽ ഒളിവിൽ കഴഞ്ഞുവരികയായിന്നു.
തിങ്കളാഴ്ച പുലർച്ചെ സർസാവ മേൽപ്പാലത്തിന് സമീപം ബൈക്കിലെത്തിയ രണ്ടുപേരെ കണ്ട എസ്.ടി.എഫ് സംഘം വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം നിർത്താതെ സമാന്തരമായുള്ള മറ്റൊരു മൺറോഡിലൂടെ വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. മോശം റോഡായതിനാൽ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇവർ താഴെ വീണു. എന്നാൽ പോലീസിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന ലല്ലൻ സിംഗ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി അമിതാഭ് യാഷ് വ്യക്തമാക്കി.
എ.എസ്.പി ലാൽ പ്രതാപ് സിംഗ്, ഇൻസ്പെക്ടർ ആദിത്യ കുമാർ സിംഗ് എന്നിവരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ രണ്ട് വെടിയുണ്ടകൾ പതിച്ചെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് സെമി ഓട്ടോമാറ്റിക് ഗൺ പുറത്തെടുത്ത് ലല്ലൻ വീണ്ടും വെടിവെപ്പ് തുടർന്നതോടെ എസ്.ടി.എഫ് സംഘം തിരിച്ചടിച്ചു. വെടിയേറ്റു വീണ ലല്ലനെ ഉടൻ തന്നെ സർസാവയിലെ സി.എച്ച്.സിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Also Read: കോച്ചിങ് സെന്ററിൽ തീപിടിത്തം: 14 പേർ മരിച്ചു, രക്ഷപ്പെടാൻ ഒന്നാം നിലയിൽ നിന്ന് ചാടി വിദ്യാർഥികൾ
സംഭവസ്ഥലത്തുനിന്ന് ഒരു സ്റ്റെൻ ഗൺ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും വിവിധ കുറ്റകൃത്യങ്ങൾക്ക് പ്രതി മുൻപ് ഉപയോഗിച്ച അതേ മോഡലിലുള്ള ബൈക്കും പോലീസ് കണ്ടെടുത്തു. 2016-നും 2017-നും ഇടയിൽ ബിഹാറിൽ വെച്ച് ഇയാളും സംഘവും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയിരുന്നു. നളന്ദയിൽ എ.എസ്.ഐ ഭുവനേശ്വർ സിംഗ്, പട്നയിൽ എ.എസ്.ഐ സുരേഷ് താക്കൂർ, ഫതുവയിൽ എ.എസ്.ഐ ആർ.ആർ ചൗധരി എന്നിവരാണ് ഇയാളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്നയിലെ ഒരു ബാങ്ക് കൊള്ളയടിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്നുപേരെയും ഇയാൾ വധിച്ചിരുന്നു.
2017 ഫെബ്രുവരിയിൽ നളന്ദയിൽ ഒരു ക്യാഷ് വാൻ ആക്രമിച്ച് രണ്ടുപേരെ കൊലപ്പെടുത്തുകയും 20 ലക്ഷം രൂപ കവരുകയും ചെയ്ത കേസിലും പ്രതിയാണ്. പിന്നീട് യുപിയിലേക്ക് കടന്ന ഇയാൾ 2022 നവംബറിൽ വാരണാസിയിലെ രോഹാനിയയിൽ വെച്ച് ഒരു സബ് ഇൻസ്പെക്ടർക്ക് നേരെ വെടിയുതിർത്ത് സർവീസ് പിസ്റ്റൾ മോഷ്ടിച്ച് കടന്നു. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് ചന്ദൗലിയിൽ ഒരാൾക്ക് നേരെ വെടിയുതിർത്ത് ബൈക്ക് തട്ടിയെടുക്കുകയും ചെയ്തിരുന്നു. പ്രതിയെ പിടികൂടുന്നതിനായി വാരണാസി പോലീസ് കമ്മീഷണർ ഒരു ലക്ഷം രൂപയും ചന്ദൗലി എസ്.പി 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സഹോദരന്മാരായ മനീഷ് സിംഗ്, രജനീഷ് സിംഗ് എന്നിവർ നാല് വർഷം മുൻപ് മറ്റൊരു പോലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
English Summary
Lallan Singh, a 35-year-old dreaded criminal from Bihar wanted for murdering seven people, including three police officers, was shot dead by the UP Special Task Force (STF) in an encounter in Saharanpur. He carried a reward of Rs 1.25 lakh. His accomplice escaped, and a manhunt is currently underway.