Waqf Property Registration: വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍; ജൂണ്‍ 6ന് പോര്‍ട്ടല്‍ ആരംഭിക്കും
Waqf Property Registration Portal To Launch: വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. വഖഫ് സ്വത്തുക്കള്‍ ആറ് മാസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിബന്ധന.

ന്യൂഡല്‍ഹി: രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പോര്‍ട്ടല്‍ വരുന്നു. ഉമീദ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിക്കാന്‍ പോകുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ ഉണ്ടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. വഖഫ് സ്വത്തുക്കള്‍ ആറ് മാസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിബന്ധന. സ്വത്തിന്റെ വിസ്തീര്‍ണം, സ്ഥലങ്ങളുടെ ജിയോടാഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കണം.
സ്ത്രീകളുടെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കില്‍ ഇത് വഖഫ് ആയി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. ഇത്തരം ആസ്തിയുടെ പ്രാഥമിക ഗുണഭോക്താക്കള്‍ സ്ത്രീകള്‍, കുട്ടികള്‍, സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ എന്നിവരായിരിക്കും.




ഓരോ സംസ്ഥാനത്തെയും വഖഫ് ബോര്‍ഡുകള്‍ മുഖേനയായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വത്തുക്കള്‍ക്ക് രണ്ട് മാസം കൂടി സമയം നീട്ടി നല്‍കുന്നതായിരിക്കും. എന്നാല്‍ ഈ സമയത്തിനുള്ളില്‍ രിസ്റ്റര്‍ ചെയ്യാത്തവ തര്‍ക്ക പ്രദേശങ്ങളായി കണക്കാക്കുകയും അവയുടെ പരിഹാരത്തിനായി വഖഫ് ട്രൈബ്യൂണലിന് കൈമാറുകയും ചെയ്യും.
വഖഫ് ഭേദഗതി ബില്ലിന്റെ വെളിച്ചത്തിലാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന നിരവധി ഹരജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജികള്‍ തള്ളണമെന്ന് കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു.