Vande Bharat Sleeper: ബെഡ് ഷീറ്റ്, പുതപ്പ്…ലിസ്റ്റ് തീര്‍ന്നിട്ടില്ല; വന്ദേ ഭാരത് സ്ലീപ്പറില്‍ ഈ പറയുന്നതെല്ലാം കിട്ടും; കിറ്റില്‍ എല്ലാം സെറ്റ്
What Are the Items Included in the New Vande Bharat Sleeper Kit: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഉയർന്ന നിലവാരമുള്ള ലിനൻ സെറ്റുകൾ നല്‍കുമെന്ന് റിപ്പോര്‍ട്ട്. എന്‍എഫ്ആര്‍ ആയിരിക്കും സെമി ഹൈ സ്പീഡ് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

Vande Bharat Sleeper
കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിൽ സർവീസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഉയർന്ന നിലവാരമുള്ള ലിനൻ സെറ്റുകൾ നല്‍കുമെന്ന് റിപ്പോര്‍ട്ട്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എന്‍എഫ്ആര്‍) ആയിരിക്കും സെമി ഹൈ സ്പീഡ് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാന്‍ ലിനൻ സെറ്റ് ഏര്‍പ്പാടാക്കണമെന്ന് റെയിൽവേ ബോർഡ് എൻഎഫ്‌ആറിന് അയച്ച കത്തിൽ നിർദ്ദേശിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ബെഡ് ഷീറ്റ്, കവറോടുകൂടിയ ഒരു തലയിണ കുഷ്യൻ, പുതപ്പ്, ഹാൻഡ് ടവൽ തുടങ്ങിയവ ലിനന്‍ കിറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് സ്ലീപ്പറിലെ പ്രീമിയം സര്‍വീസ് കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാന്‍ ലിനന്‍ സെറ്റുകള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റെയില്‍വേ ബോര്‍ഡിന്റെ കത്തില്‍ പറയുന്നു.
ജനുവരി രണ്ടാം വാരമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. കാമാഖ്യയ്ക്കും ഹൗറയ്ക്കും ഇടയില്‍ സര്‍വീസ് നടത്തും. ആധുനിക സൗകര്യങ്ങളാണ് ഇതില്‍ ക്രമീകരിച്ചിട്ടുള്ളത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.
ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്, നാല് സെക്കൻഡ് ക്ലാസ് എസി കോച്ചുകൾ, 11 തേർഡ് ക്ലാസ് എസി കോച്ചുകൾ എന്നിവ ഉള്‍പ്പെടെ ആകെ 16 കോച്ചുകൾ ഉണ്ടായിരിക്കും. ഏകദേശം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സീറ്റ് മുതല്‍ വാഷ്‌റൂം വരെ ആധുനിക രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോച്ചുകളിലും ഡ്രൈവർ ക്യാബിനിലും മികച്ച സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് ഒരുക്കിയിട്ടുള്ളത്. യാത്രയിലുണ്ടാകുന്ന കുലുക്കം കുറയ്ക്കാന്‍ ഓട്ടോമാറ്റിക് കപ്ലറുകൾ ക്രമീകരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കായി ബെര്‍ത്തുകളും ഒരുക്കിയിട്ടുണ്ട്.