Rabies: തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷബാധ, വൈറസ് എങ്ങനെയെത്തിയെന്നതില്‍ അവ്യക്തത; ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കും
Thiruvananthapuram zoo Sambar Deer rabies: മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലുണ്ടായിരുന്ന മൃഗങ്ങള്‍ക്ക് ആന്റി റാബീസ് വാക്‌സിന്‍ നല്‍കും. പേവിഷബാധ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടില്ല. മരപ്പട്ടികള്‍, കീരികള്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്നാകാം ഉണ്ടായതെന്ന് സംശയിക്കുന്നു. മൃഗശാല പരിധിയിലെ തെരുവുനായകളെ പിടികൂടി മാറ്റിപാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കും

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഞായറാഴ്ച ചത്ത മ്ലാവി(സാമ്പാര്‍ ഡിയര്‍)ന് പേവിഷബാധ സ്ഥിരീകരിച്ചു. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് പോസ്റ്റ് എക്സ്പോഷർ ആന്‍റി റാബീസ് വാക്സിൻ നൽകും. മ്ലാവുമായി അടുത്ത് ഇടപഴകിയ ജീവനക്കാര്‍ക്കാണ് പോസ്റ്റ് എക്സ്പോഷർ ആന്‍റി റാബീസ് വാക്സിൻ നല്‍കുന്നത്. മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ നല്‍കും. മൃഗശാല ഡയറക്ടര്‍ പി എസ് മഞ്ജുളാദേവി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. മൃഗങ്ങള്‍ക്ക് ആന്റി റാബീസ് വാക്സിൻ നൽകും. മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചു.
മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലുണ്ടായിരുന്ന മൃഗങ്ങള്‍ക്കാണ് ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നത്. പേവിഷബാധ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടില്ല. മരപ്പട്ടികള്‍, കീരികള്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്നാകാം പേവിഷ ബാധയുണ്ടായതെന്ന് സംശയിക്കുന്നു. മൃഗശാല പരിധിയിലെ തെരുവുനായകളെ പിടികൂടി മാറ്റിപാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നഗരസഭയ്ക്ക് കത്ത് നല്‍കും.




മ്ലാവുകള്‍ ‘ഡെഡ് എൻഡ് ഹോസ്റ്റ്’ ആണ്. അതുകൊണ്ട് മ്ലാവില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് റാബീസ് പകരുന്നതിനുള്ള സാധ്യത കുറവാണെന്നും, എല്ലാ മൃഗങ്ങള്‍ക്കും വാര്‍ഷിക പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കാറുണ്ടെന്നും, നിലവില്‍ മ്ലാവ് ഒഴികെയുള്ള മറ്റ് മൃഗങ്ങള്‍ക്ക് കുത്തിവയ്പ്പ് നല്‍കേണ്ടതില്ലെന്നും മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.