ലഹരി വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകി; യുവാവിന്റെ വീട് ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ
Two Men Arrested for Attacking Man's House in Kasargod: മാസ്തിക്കുണ്ടിൽ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടന്നിരുന്നു. ഇതിനെതിരെ അഹമ്മദ് സിനാനിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതാണ് അക്രമണത്തിലേക്ക് നയിച്ചത്.

കാസർഗോഡ്: ലഹരി വിൽപ്പനയെ കുറിച്ച് പോലീസിൽ വിവരം നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ലഹരിക്കേസ് പ്രതിയും സഹോദരനും ആണ് പിടിയിലായത്. കാസർഗോഡ് മാസ്തിക്കുണ്ട് സ്വദേശി അഹമ്മദ് സിനാനിന്റെ വീടാണ് പ്രതികൾ ആക്രമിച്ചത്. ചെങ്കള സ്വദേശി ഉമ്മർ ഫാറൂഖും സഹോദരൻ നയാസും ചേർന്നാണ് അഹമ്മദ് സിനാനിന്റെ വീട് ആക്രമിച്ചത്.
മാസ്തിക്കുണ്ടിൽ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടന്നിരുന്നു. ഇതിനെതിരെ ആണ് അഹമ്മദ് സിനാനിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്. ആദൂർ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. തുടർന്ന് സംഭവ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് ലഹരി മരുന്ന് ഉപയോഗിച്ചതിന് ഉമ്മർ ഫാറുഖിനെയും സുഹൃത്ത് അബൂബക്കർ സിദ്ദിഖിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശം ലഹരി മരുന്ന് ഇല്ലാതിരുന്നതിനാൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു.
ALSO READ: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; നെടുങ്കണ്ടത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
ഇതിന് പിന്നാലെയാണ് ഉമ്മർ ഫാറൂഖ് സഹോദരൻ നയസുമായി എത്തി അഹമ്മദ് സിനാനിന്റെ വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ സിനാനിനും മാതാവ് സൽമക്കും പരിക്കേറ്റു. ഇതോടെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.