ADM Naveen Babu: എഡിഎമ്മിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരായ പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ADM Naveen Babu: ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Image Credits: TV9 Malayalam
കണ്ണൂർ: പൊതുവേദിയിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ അപമാനിച്ചതിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. പരാതിയിന്മേൽ ജില്ലാ ഭരണകൂടത്തിന് കമ്മീഷൻ നോട്ടീസ് അയച്ചു.
പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയുമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനപൂർവ്വം അഴിമതിക്കാരനാക്കി ചിത്രീകരിച്ചെന്നാണ് പരാതി.
പ്രസിഡന്റിന്റെ പരാമർശം നിയമവിരുദ്ധമാണെന്നും പരേതന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് കമ്മീഷഷന്റെ നടപടി. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ട മലയാലപ്പുഴയിലെത്തിച്ചു. നാളെയാണ് സംസ്കാരം. പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്നലെ അർധരാത്രി 12.30 ഓടെയാണ് മൃതദേഹം ബന്ധുകൾക്ക് കെെമാറിയത്.
മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം ഉണ്ടാകും. വിലാപ യാത്രയായാണ് മൃതദേഹം വീട്ടിലെത്തിക്കുക. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴയിലെ വീട്ടിലായിരിക്കും സംസ്കാര ചടങ്ങുകൾ. കണ്ണൂർ ജില്ലാ കളക്ടർ അരുൺ, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി സഹോദരൻ പ്രവീൺ ബാബു രംഗത്തെത്തി. അവഹേളിക്കാനാണ് പിപി ദിവ്യ ശ്രമിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് നയിച്ചതിൽ പെട്ടന്ന് മരണത്തിലേക്ക് നയിച്ചതിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ പ്രതികരിച്ചു. കുടുംബത്തിന് മരണത്തിന് പിന്നിലെ ദുരൂഹത അറിയണം. മരണത്തിലേക്ക് തള്ളിവിട്ട പിപി ദിവ്യയ്ക്കും പ്രശാന്തിനും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസിലാണ് പരാതി നൽകിയത്.
പിപി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. കണ്ണൂരിലും മലയാലപ്പുഴയിലും എഡിഎമ്മിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടകൾ ആഹ്വാനം ചെയ്ത ഹർത്താൽ വെെകിട്ട് 6 മണിക്ക് അവസാനിക്കും. സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥരും അവധിയിൽ പ്രവേശിച്ചു. എഡിഎമ്മിൽ മരണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട കളക്ടറേറ്റിലെ 141 ജീവനക്കാരിൽ 6 പേർമാത്രമാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
തിങ്കളാഴ്ചയാണ് നവീൻ ബാബുവിന് കണ്ണൂർ ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകിയത്. ക്ഷണമില്ലാതിരുന്നിട്ടും യോഗത്തിൽ പങ്കെടുക്കാനെത്തിയ പിപി ദിവ്യ പെട്രോൾ പമ്പിന്റെ പേരിൽ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.