Karuvannur Case: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിനെത്തണം; സമൻസ് അയച്ച് ഇഡി
Karuvannur Bank Scam Case ED Summons K Radhakrishnan MP: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇഡി. അന്തിമ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇപ്പോൾ ഇഡി കെ രാധാകൃഷ്‌ണന്റെയും മൊഴിയെടുക്കുന്നത്.

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കെ രാധാകൃഷ്ണൻ എംപിക്ക് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കെ രാധാകൃഷ്ണനെ ഇഡി വിളിച്ച് വരുത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.
കരുവന്നൂർ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് എംപിയെ ഇഡി ചോദ്യം ചെയ്യുന്നത്. മുൻപ് കെ രാധാകൃഷ്ണൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. നിലവിലെ ജില്ലാ സെക്രട്ടറിയേയും കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇഡി.
അന്തിമ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇപ്പോൾ ഇഡി കെ രാധാകൃഷ്‌ണന്റെയും മൊഴിയെടുക്കുന്നത്. എന്നാൽ, ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച വിശദീകരണം ഒന്നും അദ്ദേഹം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന എം എം വർഗീസ് ഉൾപ്പടെയുള്ള നേതാക്കളെ ഇതിനകം ഇഡി ചോദ്യം ചെയ്തു കഴിഞ്ഞു.
ALSO READ: വക്കീലായിരുന്നപ്പോൾ 1.5 ലക്ഷം വരെ, എംഎൽഎ ശമ്പളം കണ്ട് കരഞ്ഞു പോയി- വിഡി സതീശൻ
അതേസമയം, കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കളളപ്പണ ഇടപാടുകൾ നടക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല ഉൾപ്പടെ 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ഒരേ ഭൂമിയുടെ പേരിൽ പല ലോണുകളെടുത്ത സംഭവങ്ങളും പല സ്ഥാപനങ്ങളിലായി നടന്നിട്ടുണ്ട്. ഭൂമി ഈഡു നൽകിയവർ അറിഞ്ഞും അറിയാതെയുമൊക്കെയാണ് ഇത്തരം ഇടപാടുകൾ നടന്നിരിക്കുന്നത്. ഇക്കാര്യങ്ങളാണ് സഹകരണ ബാങ്കുകൾക്കെതിരായ ഇഡി അന്വേഷണം ചോദ്യം ചെയ്തുളള ഹർജിയിൽ ഹൈക്കോടതിയിൽ ഇഡി നൽകിയ മറുപടി.