Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 83 പേർക്ക് ഭക്ഷ്യവിഷബാധ
Food Poisoning at Thiruvananthapuram Medical College Hostel: രണ്ടു ദിവസം മുൻപ് ഹോസ്റ്റൽ മെസ്സിൽ ബട്ടർ ചിക്കനും ഫ്രൈഡ് റൈസും ലൈം ജ്യൂസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കുട്ടികൾക്കും പ്രശ്നം തുടങ്ങിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 83 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും നില ഗുരുതരമല്ല.
രണ്ടു ദിവസം മുൻപ് ഹോസ്റ്റൽ മെസ്സിൽ ബട്ടർ ചിക്കനും ഫ്രൈഡ് റൈസും ലൈം ജ്യൂസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കുട്ടികൾക്കും പ്രശ്നം തുടങ്ങിയത്. മെസ്സ് നടത്തിപ്പിന്റെ ചുമതല കഴിഞ്ഞ രണ്ടു വർഷമായി ഒരേ കരാറുകാർക്ക് തന്നെയാണ്.
വിദ്യാർത്ഥികളിൽ ആരെയും ഇതുവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ല. ചില കുട്ടികൾ അവധിയെടുത്തു. എന്നാൽ, പരീക്ഷയുള്ള വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. സംഭവത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
ALSO READ: കോഴിക്കോട് ഒമ്പത് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
ഒമ്പത് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു
കോഴിക്കോട് ഫറോക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒമ്പത് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അശ്വതി ആശുപത്രിയിൽ എത്തിയെങ്കിലും വയറ് കഴുകിയശേഷം പ്രശ്‌നമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ, ഗർഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ അശ്വതി വീണ്ടും ആശുപത്രിയിൽ എത്തി.
പരിശോധനയ്ക്ക് ശേഷം കുട്ടിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിന്നാലെ, കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടർ ഉൾപ്പടെ ആരും ആശുപത്രിയിൽ എത്തിയില്ല എന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.